*28 ദിവസത്തെ മൊബൈൽ റീചാർജ് കൊള്ളയ്ക്ക് അന്ത്യം; 30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ*

മൊബൈൽ റീചാർജ് രംഗത്ത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) നിർണായക ഉത്തരവ്. ഇനിമുതൽ 28 ദിവസത്തെ പ്ലാനുകൾക്ക് പകരം 30 ദിവസത്തെ (ഒരു മാസം) കാലാവധിയുള്ള പ്ലാനുകൾ നൽകണമെന്ന് ട്രായ് ടെലികോം കമ്പനികളോട് ഉത്തരവിട്ടു.

പുതിയ തീരുമാനത്തോടെ വർഷത്തിൽ 12 തവണയിൽ കൂടുതൽ റീചാർജ് ചെയ്യേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഉപഭോക്താക്കൾക്ക് മോചനം ലഭിക്കും. നിലവിലുള്ള 28 ദിവസ പ്ലാനുകൾക്ക് പകരമായി കൃത്യം 30 ദിവസ കാലാവള്ളിയുള്ള പ്ലാനുകൾ കമ്പനികൾ നൽകേണ്ടതാണ്.

ഡാറ്റ ഇല്ലാത്ത വോയ്‌സ് കോളും എസ്എംഎസും മാത്രം നൽകുന്ന പ്രത്യേക താരിഫ് വൗച്ചറുകൾ അവതരിപ്പിക്കാൻ ട്രായ് ഉത്തരവിട്ടിട്ടുണ്ട്. 365 ദിവസം വരെ വാലിഡിറ്റിയുള്ള ഇത്തരം പ്ലാനുകൾ ഇതിനകം ജിയോ, എയർടെൽ തുടങ്ങിയ കമ്പനികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

*ആർക്കൊക്കെ പ്രയോജനം?*

മുതിർന്ന പൗരന്മാർ, ഫീച്ചർ ഫോൺ (കീപാഡ് ഫോൺ) ഉപയോഗിക്കുന്നവർ, വീട്ടിൽ വൈഫൈ/ബ്രോഡ്ബാൻഡ് കണക്ഷനുള്ളതിനാൽ മൊബൈൽ ഡാറ്റ ആവശ്യമില്ലാത്തവർ എന്നിവർക്കാണ് ഈ പ്ലാനുകൾ ഏറെ ഗുണകരമാകുന്നത്. ഡാറ്റ ആവശ്യമില്ലാത്ത സേവനങ്ങൾക്കായി ഉപഭോക്താക്കൾ അധികമായി പണം നൽകേണ്ടി വരുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു.

വിപണിയിലെ ലഭ്യമായ എല്ലാ പ്ലാനുകളുടെയും വിവരങ്ങൾ ടെലികോം കമ്പനികൾ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും കസ്റ്റമർ കെയർ സെന്ററുകളിലും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന് ട്രായ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വിവിധ പ്ലാനുകൾ താരതമ്യം ചെയ്ത് സ്വന്തം ആവശ്യത്തിനനുസരിച്ചുള്ള റീചാർജ് ഇനി മുതൽ തിരഞ്ഞെടുക്കാം.