പാരിപ്പള്ളി• എഴിപ്പുറം ജൗഹരിയ്യ ഇസ്ലാമിക് അക്കാദമിയുടെ 25-ാം വാർഷിക സനദ് ദാന സമ്മേളനം 2027 ജനുവരി 15, 16 തീയതികളിൽ നടത്താൻ തീരുമാനിച്ചു. ജൗഹരിയ്യ ട്രസ്റ്റ് ചെയർമാൻ എരൂർ ഷംസുദ്ദീൻ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനം.
'ലുമിനോസോ 25' എന്ന പേരിൽ നടത്തുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും. സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹിഫ്ളുൽ ഖുർആൻ അക്കാദമി, ഹാദിയ അക്കാദമി, ദഅ് വ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ഹാഫിള്, ഹാദിയ, അൽ ജവാഹിരി സനദുകൾ സമ്മേളനത്തിൽ വിതരണം ചെയ്യും.രണ്ടുദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ വിവിധ വേദികളിൽ പ്രമുഖ പണ്ഡിതരും സാംസ്കാരിക-രാഷ്ട്രീയ നേതാക്കളും പങ്കടുക്കും. ജൗഹരിയ്യ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ ശിഹാബുദ്ദീൻ മൗലവി, വൈസ് ചെയർമാൻ അബ്ദുൽസലാം അഹ്സനി, ഫൗണ്ടർ സിറാജുദ്ദീൻ ഹാജി, ജനറൽ സെക്രട്ടറി എ.കെ. ഷംസുദ്ദീൻ ഹാജി, ട്രഷറർ എ.കെ. മൻസൂർ ഹാജി, ജനറൽ മാനേജർ അഫ് ലഹ്,ഹാഷിം ഹാജി, കരീം ഹാജി, കബീർ മുസ്ലിയാർ, ഷുക്കൂർ മുസ്‌ലിയാർ, റിയാദ്, ജലാൽ ഹാജി തുടങ്ങിയവർ പങ്കെടുത്തു.