വീട്ടിലുള്ള പണവും സ്വർണവും പ്രദർശിപ്പിച്ചുള്ള വീഡിയോ മധുമിത യൂട്യൂബിൽ പങ്കുവെച്ചതിനു പിന്നാലെയാണ് മോഷ്ടാക്കൾ വീടു തേടിയെത്തി കവർച്ച നടത്തിയത്. മധുമിതയും ഭർത്താവും പുറത്തു പോയപ്പോഴായിരുന്നു സംഭവം. 12 മണിക്ക് ഇവർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും മോഷണം പോയ വിവരം അറിഞ്ഞത്. തുടർന്ന് രാജാക്കമംഗലം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
മൂന്നു ബൈക്കുകൾ അതുവഴി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോൾ ലഭിച്ചിരുന്നു. ഇതു കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കൾ കുടുങ്ങിയത്. സംഘം ശ്രീവൈകുണ്ഠത്തിൽ ഉണ്ടെന്ന് കണ്ടെത്തി പോലീസ് അവിടെ എത്തുമ്പോഴേക്കും അവർ കന്യാകുമാരിക്കു തിരിച്ചിരുന്നു. തുടർന്ന് 120 കിലോമീറ്ററോളം പിന്തുടർന്നാണ് ഇവരെ പിടികൂടിയത്. എരമ്പക്കാട് വാഹനപരിശോധനയ്ക്കിടെയാണ് ഇസക്കി പാണ്ടിയും മുരുകനും പിടിയിലായത്. ഇവരിൽനിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാക്കി രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുകയും 98 പവൻ കണ്ടെടുക്കുകയും ചെയ്തത്.
യൂട്യൂബിൽ വീഡിയോ കണ്ടതിനെ തുടർന്നാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പറഞ്ഞു. ദിവസങ്ങളായി വീട് നിരീക്ഷിച്ചിരുന്നു. സംഭവദിവസം കാർ വീട്ടിൽ കാണാതിരുന്നതോടെ ഉടമകൾ പുറത്തു പോയി എന്ന് തിരിച്ചറിഞ്ഞാണ് വീടിന്റെ പിൻവാതിൽ തകർത്ത് ഉള്ളിൽ കടന്നതെന്നും മോഷ്ടാക്കൾ പറഞ്ഞു. കന്യാകുമാരി ഡി.വൈ.എസ്.പി പ്രകാശിന്റെ നേതൃത്വത്തിൽ രാജാക്കമംഗലം പോലീസ് ഏഴു പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് ശ്രീവൈകുണ്ഠം വരെയുള്ള 160 സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചത്.