ഇറാനെതിരെ അമേരിക്ക തയ്യാറെടുക്കുന്നത് അന്തിമ യുദ്ധത്തിനോ?

ഇറാനെതിരെ അമേരിക്ക തയ്യാറെടുക്കുന്നത് അന്തിമ യുദ്ധത്തിനോ? പത്ത് ഗള്‍ഫ് രാജ്യങ്ങളിലുള്ള അമേരിക്കന്‍ പൗരന്‍മാരോട് അടിയന്തരമായി രാജ്യം വിടാനോ, സജ്ജരായിരിക്കാനോ നിര്‍ദേശിച്ചു യുഎസ് എംബസികളുടെ ജാഗ്രതാ നിര്‍ദേശം; 'ഇറാനെതരിപ്പണമാക്കും' എന്ന് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ വന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു; അമേരിക്കയെ'സഹായിച്ചാല്‍ നിങ്ങളും കത്തു'മെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ ഭീഷണിയും

 ഗള്‍ഫ് മേഖലയില്‍ വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ ഭീതിയില്‍ പുകയുകയാണ്. ഇറാനുമായുള്ള സൈനിക സംഘര്‍ഷം നിയന്ത്രണാതീതമായി പടരുന്നതിനിടെ മേഖലയിലെ പത്ത് പ്രധാന രാജ്യങ്ങളില്‍ കഴിയുന്ന തങ്ങളുടെ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാനോ, അതിനായി സജ്ജരായിരിക്കാനോ നിര്‍ദേശം നല്‍കി അമേരിക്കന്‍ എംബസികള്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഏതുനിമിഷവും ആക്രമണം കടുക്കാമെന്നും വിമാന സര്‍വീസുകളും വ്യോമപാതകളും അടഞ്ഞുപോകാന്‍ സാധ്യതയുണ്ടെന്നും കാട്ടിയാണ് യു.എസ് വിദേശകാര്യ മന്ത്രാലയം ഈ അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യു.എ.ഇ, ഖത്തര്‍, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, ഇസ്രായേല്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍, ഏറ്റവും ഒടുവിലായി ഈജിപ്ത് എന്നീ പത്ത് രാജ്യങ്ങളിലുള്ള അമേരിക്കക്കാര്‍ക്കാണ് തല്‍ക്കാലം അവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കാനോ അല്ലെങ്കില്‍ ഏതുനിമിഷവും സ്ഥലം വിടാന്‍ സജ്ജരായിരിക്കാനോ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ സാഹചര്യം പ്രവചനാതീതമായി തുടരുകയാണെന്ന് എംബസി വ്യക്തമാക്കുന്നു.

'ഞങ്ങള്‍ അവരെ വളരെ കഠിനമായി തന്നെ ആക്രമിക്കും

ഇറാനെതിരെ ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത ആക്രമണത്തിന് യു.എസ് തയാറെടുക്കുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ക്യാമ്പ് ഡേവിഡില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്. ഈ വാരാന്ത്യത്തോടെ തന്നെ ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചേക്കുമെന്ന സൂചനയും ട്രംപ് നല്‍കി.


'ഞങ്ങള്‍ അവരെ വളരെ കഠിനമായി തന്നെ ആക്രമിക്കും. 'ഇനി ഞങ്ങള്‍ക്ക് ഇത് താങ്ങാന്‍ കഴിയില്ല' എന്ന് അവര്‍ തന്നെ പറയുന്ന ഒരു ഘട്ടം വരും,' എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ക്ക് ജയിക്കണം, അത് മാത്രമാണ് ലക്ഷ്യം' എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ ഉറച്ച മറുപടി.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് വന്‍ ബോംബാക്രമണ പരമ്പരയ്ക്കാണ് യു.എസും ഇസ്രായേലും പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്റെ ഭരണകൂടത്തെയും സൈനിക ശേഷിയെയും പൂര്‍ണ്ണമായി തളര്‍ത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വാഷിങ്ടണിന്റെ നിര്‍ദേശങ്ങള്‍ ഏതുനിമിഷവും നടപ്പിലാക്കാന്‍ പെന്റഗണ്‍ സജ്ജമാണെന്ന് 'വാര്‍ ഡിപ്പാര്‍ട്ട്മെന്റ്' വക്താവ് ഷോണ്‍ പാര്‍നെല്‍ വ്യക്തമാക്കി.


സുരക്ഷാ മുന്നറിയിപ്പില്‍ ഇറാന്റെ അപ്രതീക്ഷിത ആക്രമണങ്ങളെക്കുറിച്ചും പരാമര്‍ശമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ പ്രദേശങ്ങളില്‍ ആക്രമണം നടത്താനും, നേരത്തെ ആക്രമണ പരിധിയില്‍ ഇല്ലാതിരുന്ന ഈജിപ്ത് പോലുള്ള മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനും ഇറാന്‍ തീരുമാനിച്ചതായി യു.എസ് എംബസി ചൂണ്ടിക്കാണിക്കുന്നു.

യു.എസുമായുള്ള വെടിനിര്‍ത്തല്‍ ധാരണകള്‍ ഇറാന്‍ ലംഘിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആരോപിച്ചു. ഇറാന്‍ കരാര്‍ ലംഘിക്കുകയും വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും അമേരിക്കന്‍ സൈനികരെ വധിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ട്രംപ് തയ്യാറല്ലെന്നും, ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മ്മിക്കില്ലെന്നും ലീവിറ്റ് വ്യക്തമാക്കി.

അമേരിക്കയെ 'സഹായിച്ചാല്‍ നിങ്ങളും കത്തും'

അതേസമയം, യു.എസ് നീക്കത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ഇറാന്‍ പ്രതികരിച്ചത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങള്‍ക്ക് കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. തിരിച്ചടിക്കാനായി സമഗ്രമായ പദ്ധതികള്‍ ഇറാന്‍ തയാറാക്കിയിട്ടുണ്ടെന്നും സിയോണിസ്റ്റ് ഭരണകൂടത്തിന്റെ സുപ്രധാന കേന്ദ്രങ്ങളും യു.എസ് ഊര്‍ജ്ജ നിലയങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയ്ക്ക് താവളമൊരുക്കുന്ന പ്രാദേശിക രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ സൈനിക സെന്‍ട്രല്‍ കമാന്‍ഡ് തലവന്‍ അലി അബ്ദൊല്ലാഹി വെളിപ്പെടുത്തി. അമേരിക്ക തങ്ങളുടെ തകരുന്ന സൈന്യത്തിന് പ്രതിരോധ കവചമായി ഗള്‍ഫ് രാജ്യങ്ങളുടെ സമ്പത്തും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കുകയാണെന്നും ആക്രമണകാരിയായ അമേരിക്കയ്ക്ക് പ്രതിരോധ കവചമൊരുക്കുന്ന ഏതൊരു രാജ്യവും യുദ്ധജ്വാലയില്‍ വെന്തുപോകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ, യു.എസ് സൈനിക താവളമുള്ള കുവൈത്തിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. എന്നാല്‍ കുവൈത്ത് വ്യോമസേന ഈ ഡ്രോണുകള്‍ വിജയകരമായി തകര്‍ത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതിനുപുറമെ, ലോകത്തെ പ്രധാന ഊര്‍ജ്ജ പാതയായ ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കപ്പലുകള്‍ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.

കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടര്‍ന്നാല്‍ ഇറാന്റെ പാലങ്ങളും പവര്‍ പ്ലാന്റുകളും തകര്‍ക്കുമെന്ന് ട്രംപ് നേരത്തെയും വ്യക്തമാക്കിയിരുന്നു. ഇതിനകം തന്നെ സിവിലിയന്‍-സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചി പാലങ്ങള്‍ യു.എസ് തകര്‍ത്തതായും ടെഹ്റാനിലെ വൈദ്യുതി വിച്ഛേദിക്കുന്നതിനെക്കുറിച്ച് അമേരിക്കന്‍ ഭരണകൂടം ആലോചിക്കുന്നതായും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യു.എസ് മധ്യസ്ഥത വഹിച്ച വെടിനിര്‍ത്തല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെച്ചിരുന്ന ഇസ്രായേല്‍, ഈ സംയുക്ത നീക്കത്തോടെ വീണ്ടും സജീവമായി രംഗത്തിറങ്ങും. ഇസ്രായേല്‍ വ്യോമസേന അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് ഏകോപിത ആക്രമണങ്ങള്‍ക്ക് തയാറെടുക്കുകയാണ്.

മേഖലയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഗാസയിലും ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടരുകയാണ്. മധ്യ ഗാസയിലെ അല്‍-അഖ്‌സ രക്തസാക്ഷി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാന മരുന്ന് ഗോഡൗണുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. ഹമാസ് ആയുധം വെച്ച് കീഴടങ്ങാന്‍ സമ്മതിച്ചെന്നും സമാധാന കരാറിന് വഴങ്ങിയെന്നും ട്രംപ് പ്രഖ്യാപിച്ച് 48 മണിക്കൂര്‍ തികയും മുന്‍പാണ് ഈ ആക്രമണം നടന്നത്. എന്നാല്‍ ഹമാസ് പൂര്‍ണ്ണമായി നിരായുധരാകാതെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അല്‍-അഖ്‌സ ആശുപത്രിയിലെ മരുന്ന് ഗോഡൗണ്‍ തകര്‍ന്നതോടെ ഗാസയിലെ അടിയന്തര മെഡിക്കല്‍ സഹായം പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലായി. 'മരുന്നുകള്‍ക്ക് നേരെ ബോംബെറിയുമ്പോള്‍ രോഗങ്ങള്‍ ഒരു യുദ്ധായുധമായി മാറുന്നു' എന്ന് ഗാസ ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ ഡോ. മുനീര്‍ അല്‍ ബുര്‍ഷ് പ്രതികരിച്ചു. നിലവില്‍ മിഡില്‍ ഈസ്റ്റില്‍r ഉടലെടുത്തിരിക്കുന്ന സംഘര്‍ഷാവസ്ഥ ആഗോളതലത്തില്‍ തന്നെ വലിയ സാമ്പത്തിക, സൈനിക പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിക്കുമെന്ന ഭീതിയിലാണ് ലോകരാജ്യങ്ങള്‍.