യുവാക്കളെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിൽ മൂന്ന് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി വിമാനത്താവളത്തിൽ പിടിയിൽ. നാവായിക്കുളം ഡീസന്റ്മുക്ക് സ്വദേശി സുരേഷാണ് കല്ലമ്പലം പൊലീസിന്റെ പിടിയിലായത്. 2023 ഡിസംബർ 31ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഐരമൺനിലയിൽ വെച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരേഷിനെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് നയിച്ചത്. തുടർന്ന് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും, വിനേഷ്, നൗഫൽ, മനു, മുഹമ്മദ്, കൃഷ്ണപ്രസാദ് എന്നിവരെ സുരേഷും സംഘവും ചേർന്ന് വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പൊലീസ് അന്ന് തന്നെ സുരേഷിനൊപ്പം ഉണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി പ്രദീപിനെയും മൂന്നാം പ്രതി അൻസാറിനെയും അറസ്റ്റുചെയ്തിരുന്നു. എന്നാൽ ആക്രമണത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയ ഒന്നാം പ്രതി സുരേഷ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു.
ഖത്തറിൽ വെൽഡിംഗ് ജോലി ചെയ്തുവരികയായിരുന്ന ഇയാളെ പിടികൂടാൻ പൊലീസിന്റെ ഭാഗത്തുനിന്ന് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പ്രതിയെ കല്ലമ്പലം പൊലീസ് സംഘം തന്ത്രപരമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.