സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. അതേസമയം, പത്തനംതിട്ട ജില്ലയിലെ റാന്നി ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകൾ മുങ്ങിയതോടെ മൂന്ന് ജില്ലകളിലും ഗതാഗതം പലയിടത്തും സ്തംഭിച്ചു.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ അടൂർമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരിച്ചു. മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി.

കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട്ട് ജോണിയുടെ മകൻ ജോസഫ് മരിച്ചു. മൃതദേഹം മണ്ണിനടിയിൽ നിന്നാണ് കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന അമ്മ ഗ്രേസിയെ കാണാതായിട്ടുണ്ട്. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു.

കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളിൽ പലയിടത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തു. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെ റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ പ്രധാന റോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി.

ഇടുക്കി ജില്ലയിലും വ്യാപകമായി മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായി. കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്താകെ നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി വിവരം ലഭിച്ചതായി ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് അറിയിച്ചു.

മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.