സെപ്റ്റംബർ 5ന് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച മാർച്ചിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള ആവശ്യം തള്ളി സുപ്രീം കോടതി

സെപ്റ്റംബർ 5ന് ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) പ്രഖ്യാപിച്ച മാർച്ചിന് നിയന്ത്രണം ഏർപ്പെടുത്താൻ സുപ്രീംകോടതി വിസമ്മതിച്ചു. മാർച്ചിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കരുതാൻ തക്ക ‘നിർബന്ധിത സാഹചര്യങ്ങളൊന്നുമില്ല’ എന്ന് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം മാത്രം മാർച്ച് നടത്താൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

നിയമവും ക്രമസമാധാനവും ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി. എല്ലാ വിഭാഗങ്ങളും സമാധാനപരമായും ഉത്തരവാദിത്തത്തോടെയും നിയമാനുസൃതമായും പ്രവർത്തിക്കുന്നുവെന്ന് അധികൃതർ ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സെപ്റ്റംബർ 5ന് മാർച്ച്

ജൂലൈ 25ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് സെപ്റ്റംബർ 5ന് മാർച്ച് നടത്തുമെന്ന് CJP പ്രഖ്യാപിച്ചത്. ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് മാർച്ച് നടത്തുക.

മരിച്ച NEET പരീക്ഷാ ഇരകളുടെ കുടുംബങ്ങളും ജൂലൈ 20ലെ ‘പാർലമെന്റ് ചലോ’ മാർച്ചിനിടെ പൊലീസ് അതിക്രമത്തിന് ഇരയായവരുടെ കുടുംബങ്ങളും മാർച്ചിന് നേതൃത്വം നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും യുവാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും CJP അറിയിച്ചു.

വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യുക, മരിച്ച NEET പരീക്ഷാ ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് CJPയുടെ ആരോപണം.

അതേസമയം, ഒരു ജനകീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുപ്രീംകോടതിയെ ‘വലിച്ചിഴയ്ക്കുന്നത്’ നിർഭാഗ്യകരമാണെന്ന് CJP സഹ കൺവീനർ സൗരവ് ദാസ് പ്രതികരിച്ചു. ഇത്തരം ഹർജികൾ പ്രസ്ഥാനത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാകരുതെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.