മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് 15-കാരൻ മരിച്ചു

കൊടുവള്ളി: മീൻ പിടിക്കുന്നതിനിടെ കാൽവഴുതി പുഴയിൽ വീണ് 15-കാരൻ മരിച്ചു. മാനിപുരം കരീറ്റി പറമ്പിൽ ഹൗസിൽ കെ.പി. ഹംസയുടെ മകൻ കെ.പി. മുഹമ്മദ് ഷഹീൻ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച പകൽ 3.45-ഓടെ മാനിപുരം ചെറുപുഴയിലാണ് അപകടം നടന്നത്.
​സുഹൃത്തുക്കളോടൊപ്പം മീൻ പിടിക്കുന്നതിനിടയിൽ കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് കൊടുവള്ളി പൊലീസും മുക്കം അഗ്നിരക്ഷാസംഘവും സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ പ്രത്യേക സ്‌കൂബ ഡൈവിങ് ടീം നടത്തിയ തിരച്ചിലിലാണ് വൈകീട്ട് 5.30-ഓടെ ചെറുപുഴ ഇരുമ്പോത്ത് കടവിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
​ഉമ്മ: സുഹറ. സഹോദരങ്ങൾ: കെ.പി. ഷമീം, ഷംന, ഷഹാന.