KSFE പിങ്ക് ചിട്ടി തുടങ്ങുന്നു, സൗജന്യ യാത്രയിലൂടെ മാറ്റിവെയ്ക്കുന്ന പണം സ്ത്രീകൾക്ക് നിക്ഷേപിക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വനിതകൾക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി കെ.എസ്.എഫ്.ഇയുടെ പുതിയ പദ്ധതി വരുന്നു. പ്രിയദർശിനി പദ്ധതിവഴിയുള്ള കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയിലൂടെ സ്ത്രീകൾക്ക് മിച്ചം പിടിക്കാൻ സാധിക്കുന്ന തുക നിക്ഷേപിക്കുന്നതിനായി ‘പിങ്ക് ചിട്ടി’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രഖ്യാപിച്ചു. ആലുവയിൽ നടന്ന എം.എൽ.എ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.എസ്.ആർ.ടി.സി ബസുകളിലെ സൗജന്യ യാത്ര വഴി സ്ത്രീകൾക്ക് അവരുടെ യാത്രാച്ചെലവിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കുന്നുണ്ട്. ഈ തുക സുരക്ഷിതമായി നിക്ഷേപിച്ച് ഭാവിയിലേക്ക് മികച്ചൊരു സമ്പാദ്യം കെട്ടിപ്പടുക്കാൻ അവരെ സഹായിക്കുക എന്നതാണ് പിങ്ക് ചിട്ടിയിലൂടെ ലക്ഷ്യമിടുന്നത്. ഈ ചിട്ടി വഴി നിക്ഷേപം നടത്തുന്നതോടെ സ്ത്രീകളുടെ കൈകളിൽ നേരിട്ട് സമ്പാദ്യമെത്തുകയും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം വർധിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വഴി സർക്കാരിനുണ്ടാകുന്ന ആയിരം കോടി രൂപയുടെ സാമ്പത്തിക ബാധ്യതയെ വെറുമൊരു നഷ്ടമായി കാണാൻ കഴിയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. മറിച്ച്, ഈ പദ്ധതി കേരളത്തിൽ വലിയൊരു സാമൂഹിക-സാമ്പത്തിക മാറ്റത്തിന് കാരണമാകും. ആയിരം കോടി രൂപയേക്കാൾ വലിയ മൂല്യമുള്ള മാറ്റമാണ് ഇതിലൂടെ സമൂഹത്തിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയദർശനി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വനിതകൾക്കും സൗജന്യയാത്ര അനുവദിച്ചിട്ടുണ്ടെങ്കിലും, ഉയർന്ന ശമ്പളം വാങ്ങുന്നവർക്കും സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവർക്കും സ്വമേധയാ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. യാത്രാലാഭം സമ്പാദ്യമാക്കി മാറ്റുന്ന പുതിയ ചിട്ടി പദ്ധതി സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയൊരു കൈത്താങ്ങാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.