വെമ്പായം ബാറിലെ സംഘര്‍ഷം; പെട്രോള്‍ കൊണ്ടുവന്ന് ബാര്‍ കത്തിച്ചു, വധശ്രമത്തിന് കേസ്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ വധശ്രമത്തിന് കേസ് എടുത്ത് പൊലീസ്. പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ബാറിലേക്ക് പെട്രോള്‍ കൊണ്ടുവന്ന് ഒഴിച്ച അനീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തില്‍ ആറ് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായം ബാറില്‍ സംഘര്‍ഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പൊള്ളലേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബാറിലെ എസി മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. പെട്രോള്‍ വാങ്ങി വന്ന നന്നാട്ടുകാവ് സ്വദേശിയായ അനീഷ്, മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. എസി ബാറിന്റെ ഉള്‍വശം 80 ശതമാനത്തോളം കത്തിയമര്‍ന്ന നിലയിലാണ്.