വർക്കല: അമിതവേഗതയിലെത്തിയ കാർ ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരിങ്ങമല വില്ലേജിൽ ഇടിത്തറ ശാലോം ഹൗസിൽ മഞ്ജു (33) ആണ് ഇന്ന് പുലർച്ചെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തരിച്ചത്. അപകടത്തിൽ മഞ്ജുവിന്റെ ഭർത്താവ് റിബിൻ, മക്കളായ ആരോമൽ, ആരാദ്യ എന്നിവർക്ക് പരിക്കേറ്റു.
ബുധനാഴ്ച രാത്രി 10.30-ഓടെ പാളയംകുന്നിൽ നിന്ന് പാരിപ്പള്ളിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ചാവർകോട് ജംഗ്ഷന് സമീപം വെച്ച് പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ (KL 22 D 0979) ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മഞ്ജുവിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ അഞ്ചു മണിയോടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ ഭർത്താവ് റിബിന്റെ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മകൾ ആരാദ്യയുടെ വലതുകൈ ഒടിയുകയും മകൻ ആരോമലിന് ശരീരത്തിൽ വിവിധയിടങ്ങളിൽ മുറിവേൽക്കുകയും ചെയ്തു. പരിക്കേറ്റ മൂവരും ചികിത്സയിലാണ്.
അപകടത്തിന് ശേഷം കാറിലുണ്ടായിരുന്നവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സംഭവത്തിൽ അയിരൂർ പൊലീസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്ത് അമിതവേഗത മൂലമുള്ള അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
