അർജന്റീനയെ തോൽപ്പിക്കാൻ മന്ത്രവാദവുമായി ഇറങ്ങിയ ഘാനയിലെ ദുർമന്ത്രവാദിയുടെ പ്രവചനങ്ങളെ ലയണൽ മെസ്സി തൻ്റെ ഇടങ്കാൽ മാന്ത്രികത കൊണ്ട് അടിച്ചുകൂട്ടി പറത്തിയ തരത്തിലുള്ള പോസ്റ്റ് പങ്കുവെച്ച് മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ. വിനീതും. മന്ത്രവാദി ആണത്രേ മന്ത്രവാദി, മിശിഹായ്ക്ക് എന്ത് മന്ത്രവാദിയെന്ന്
വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു.
മത്സരത്തിന് തൊട്ടുമുൻപ് ഫുട്ബാൾ ലോകത്ത് വലിയ ചർച്ചയായിരുന്നു ഘാനയിലെ ദുർമന്ത്രവാദിയായ നാനാ ക്വാകു ബോൺസാമിൻ്റെ പുതിയ പ്രവചനം. റൗണ്ട്' ഓഫ് 32 മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേപ് വെർഡെ അട്ടിമറിക്കുമെന്നായിരുന്നു ദുർമന്ത്രവാദിയുടെ പ്രവചനം. മെസ്സിയുടെയും സംഘത്തിന്റെയും കുതിപ്പ് ഈ മത്സരത്തോടെ അവസാനിക്കുമെന്നും താൻ അർജന്റീനയെ ശാപിച്ചിട്ടുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു. കൂടാതെ ഇത്തവണത്തെ ലോകകപ്പ്'ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഉയർത്തുമെന്നതായിരുന്നു മന്ത്രവാദിയുടെ മറ്റൊരു പ്രവചനം.
എന്നാൽ ലോകകപ്പ് വേദിയിലെ മെസ്സി മായാജാലത്തിന് മുന്നിൽ പ്രവചനങ്ങൾക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുന്നതായിരുന്നു അർജന്റീനയുടെ വിജയമെന്ന് ആരാധകരും കുറിക്കുന്നു. ഇത്തരം പ്രവചനങ്ങൾക്കൊന്നും മെസ്സി മാജിക്കിനെ തളയ്ക്കാനാകില്ലെന്ന് മയാമിയിലെ പുൽമൈതാനം സാക്ഷ്യപ്പെടുത്തി. മത്സരത്തിന്റെ 29-ാം മിനിറ്റിൽ തന്നെ ലിസാൻഡ്രോ മാർട്ടിനെസിന്റെ പാസ് സ്വീകരിച്ച് കേപ് വെർഡെയുടെ ഗോൾവല കുലുക്കി മെസ്സി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചു.
