ഓപ്പറേഷൻ സൈബർ ഹണ്ട്: പണമിടപാട് തട്ടിപ്പുകാരനായ യുവാവ് പാരിപ്പള്ളിയിൽ അറസ്റ്റിൽ

പാരിപ്പള്ളി : സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വ്യാപകമായി പോലീസ് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ സൈബർ -ഹണ്ടി'ന്റെ ഭാഗമായി പാരിപ്പള്ളിയിൽ യുവാവ് പിടിയിലായി. വേളമാനൂർ രമ്യാസദനത്തിൽ ബാഹുലേയന്റെ മകൻ രാഹുൽ (37) ആണ് പാരിപ്പള്ളി പോലീസിന്റെ വലയിലായത്.
​കൊല്ലം സിറ്റി പോലീസ് മേധാവി ഹേമലത. എം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 16 കേന്ദ്രങ്ങളിലാണ് ഒരേസമയം മിന്നൽ പരിശോധന നടന്നത്. 23 ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാക്കുകയും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാഹുലിന്റെ പക്കൽ നിന്ന് 11 ബാങ്ക് പാസ്ബുക്കുകൾ, 8 ചെക്ക് ബുക്കുകൾ, 6 എടിഎം കാർഡുകൾ, 10 സിം കാർഡുകളുടെ രേഖകൾ, ഒരു മൊബൈൽ ഫോൺ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇയാളുടെ അക്കൗണ്ടുകൾ വഴി നടന്ന ആറ് ലക്ഷം രൂപയുടെ സംശയാസ്പദമായ ഇടപാടുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
​മ്യൂൾ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
​സൈബർ തട്ടിപ്പുകാർക്ക് കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്ന (മ്യൂൾ അക്കൗണ്ടുകൾ) സംഘങ്ങളെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. മുൻപ് കാര്യമായ ഇടപാടുകൾ നടക്കാതിരുന്നതും, അടുത്തിടെ സജീവമായി ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് രൂപ എത്തിച്ചേരുകയും ചെയ്ത ബാങ്ക് അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. തട്ടിച്ചെടുക്കുന്ന പണം ഇത്തരം വാടക അക്കൗണ്ടുകളിലേക്ക് മാറ്റി എടിഎം, ചെക്കുകൾ എന്നിവ വഴി പിൻവലിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇതിൽ പങ്കാളികളായവരെ കണ്ടെത്തുന്നതിനായി നാല് കേസുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
​പാരിപ്പള്ളി പോലീസ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു സജീവ്, അഖിലേഷ്, എ.എസ്.ഐ മേരി മെറ്റിൽഡ, സി.പി.ഒമാരായ രഞ്ജിത്ത്, നിദ, ജോസ് ജോൺസൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.