അജിത് കുമാറിന് എട്ടിന്റെ പണി; നിതിന്‍ അഗര്‍വാള്‍ പടിയിറങ്ങുമ്പോള്‍ ഡിജിപി കുപ്പായമണിയാന്‍ എസ്. ശ്രീജിത്ത്

തിരുവനന്തപുരം: കേരള പൊലീസിന്റെ തലപ്പത്ത് വന്‍ സമവാക്യ മാറ്റങ്ങള്‍ക്കും അണിയറ നീക്കങ്ങള്‍ക്കും വഴിതുറന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറലായ നിതിന്‍ അഗര്‍വാള്‍ ഈ മാസം വിരമിക്കുകയാണ്. നിതിന്‍ അഗര്‍വാള്‍ പടിയിറങ്ങുന്നതോടെ ഒഴിവുവരുന്ന നാലാമത്തെ ഡിജിപി പദവിയിലേക്ക് ആരെത്തും എന്ന ചോദ്യത്തിന് ഇപ്പോള്‍ വ്യക്തമായ ഉത്തരമാകുകയാണ്. നിലവിലെ ജയില്‍ വകുപ്പ് മേധാവിയും 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനുമായ എസ്. ശ്രീജിത്താണ് ആ ജനപ്രിയ പദവിയിലേക്ക് ഉയര്‍ത്തപ്പെടാന്‍ സാധ്യതയേറുന്നത്.

നിലവില്‍ സംസ്ഥാന പൊലീസ് മേധാവിയായ റവാഡാ ചന്ദ്രശേഖര്‍, റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം എന്നിവരാണ് സംസ്ഥാനത്ത് ഡിജിപി റാങ്കില്‍ തുടരുന്ന മറ്റ് പ്രമുഖര്‍. ഇവര്‍ക്കൊപ്പം നാലാമനായി ശ്രീജിത്ത് കൂടി എത്തുന്നതോടെ പൊലീസ് ആസ്ഥാനത്ത് വന്‍ മാറ്റങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്.

സീനിയോറിറ്റി പട്ടിക മാത്രം എടുത്തു പരിശോധിച്ചാല്‍, നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായി മാറുന്നത് 1995 ബാച്ചുകാരനായ സുരേഷ് രാജ് പുരോഹിതാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പില്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്നതിനാല്‍ അദ്ദേഹം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ യാതൊരു സാധ്യതയുമില്ല. സുരേഷ് രാജ് പുരോഹിതിന് പ്രൊഫോര്‍മ പ്രൊമോഷനായി ഡിജിപി റാങ്ക് നല്‍കി ആദരിക്കാനാണ് സാധ്യത.

പുരോഹിതിന് തൊട്ടുപിന്നാലെയുള്ളത് സര്‍ക്കാരുമായി തെറ്റിപ്പിരിഞ്ഞു നില്‍ക്കുന്ന എക്‌സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറാണ് (1995 ബാച്ച്). സാധാരണ ഗതിയില്‍ സ്വാഭാവികമായി ലഭിക്കേണ്ട പ്രൊമോഷനാണെങ്കിലും അജിത് കുമാറിന് മുന്‍പിലുള്ള വഴികളെല്ലാം ഇപ്പോള്‍ പൂര്‍ണ്ണമായും അടഞ്ഞ മട്ടാണ്. നവകേരള യാത്രയ്ക്കിടയിലെ മര്‍ദ്ദനക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും, ആലപ്പുഴ രക്ഷാപ്രവര്‍ത്തനക്കേസിലെ വന്‍ വിവാദങ്ങളും അടക്കം ഒന്നിനു പുറകെ ഒന്നായി ഗുരുതരമായ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് അജിത് കുമാറിനെ വേട്ടയാടുന്നത്. ഇത്തരത്തില്‍ സസ്‌പെന്‍ഷന്‍ ഭീഷണി വരെ നിഴലിക്കുന്ന ഒരു ഉദ്യോഗസ്ഥന് വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഡിജിപി പ്രൊമോഷന്‍ നല്‍കില്ലെന്ന് ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

അജിത് കുമാറിന് വന്‍ തിരിച്ചടിയുണ്ടായതോടെയാണ് തൊട്ടുപിന്നിലുള്ള ജനപ്രിയ ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിന് ഡിജിപി കസേരയിലേക്ക് ഭാഗ്യരേഖ തെളിഞ്ഞിരിക്കുന്നത്. വിവാദങ്ങളില്‍പ്പെടാത്ത പ്രതിച്ഛായയും ഭരണനേതൃത്വത്തിന്റെ വിശ്വാസ്യതയുമാണ് ശ്രീജിത്തിന് തുണയാകുന്നത്. 1996 കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്ത് കോഴിക്കോട് സ്വദേശിയാണ്. സര്‍വീസില്‍ കാല്‍ നൂറ്റാണ്ടിലധികം പൂര്‍ത്തിയാക്കിയ അദ്ദേഹം കേരള പൊലീസിലെ ഏറ്റവും കാര്യക്ഷമതയുള്ളതും ജനകീയനുമായ ഉദ്യോഗസ്ഥരിലൊരാളായാണ് അറിയപ്പെടുന്നത്.

ക്രൈംബ്രാഞ്ച് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഐജി എറണാകുളം റേഞ്ച്, ശബരിമല കോ-ഓര്‍ഡിനേറ്റര്‍, എഡിജിപി സൈബര്‍ ഓപ്പറേഷന്‍സ് തുടങ്ങിയ അതിപ്രധാനമായ പദവികളില്‍ കൃത്യമായ കൈയൊപ്പ് പതിപ്പിച്ച ശേഷമാണ് അദ്ദേഹം ഈ ഉന്നത പദവിയിലേക്ക് അടുക്കുന്നത്. സംസ്ഥാനത്തെ നടുക്കിയ പ്രമാദമായ നിരവധി കേസുകളില്‍ പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അന്വേഷണ മികവിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഉള്‍പ്പെടെയുള്ള ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മികച്ച ഗായകന്‍, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യം, സോഷ്യല്‍ മീഡിയയിലൂടെ പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിത്വം എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. അതുകൊണ്ടുതന്നെ, ശ്രീജിത്തിന്റെ ഈ കടന്നുവരവ് പൊലീസ് സേനയ്ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് ആഭ്യന്തര വകുപ്പിലെ പൊതുവിലയിരുത്തല്‍.