പെരുമാതുറയുടെ ദൃശ്യവിസ്മയം; ഭ്രമയുഗത്തിന്റെ ദൃശ്യചാരുതയിലൂടെ ഷഹനാദ് ജലാൽ ദേശീയ പുരസ്കാര നിറവിൽ

പെരുമാതുറയുടെ മണ്ണിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഒരു സ്വർണ്ണലിപി ചേർക്കപ്പെട്ടിരിക്കുന്നു. ക്യാമറയുടെ കണ്ണുകളിലൂടെ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർക്കുന്ന പെരുമാതുറയുടെ പ്രിയപുത്രൻ ഷഹനാദ് ജലാൽ, ഭാരതത്തിലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി നാടിന്റെ ഖ്യാതി രാജ്യത്തിന്റെ അതിരുകളോളം ഉയർത്തിയിരിക്കുകയാണ്. 'ഭ്രമയുഗം' എന്ന ചലച്ചിത്രത്തിലെ നിഴലും വെളിച്ചവും ഇടകലർന്ന ദൃശ്യപ്രപഞ്ചം ഷഹനാദിലെ പ്രതിഭയുടെ മാറ്റ് ലോകത്തിന് മുന്നിൽ തെളിയിച്ച ഒന്നാണ്.
​മലയാളക്കരയോടൊപ്പം സ്നേഹതീരം കൂട്ടായ്മയ്ക്കും ഇത് അനൽപമായ ആഹ്ലാദത്തിന്റെയും സമാനതകളില്ലാത്ത അഭിമാനത്തിന്റെയും നിമിഷമാണ്. മാടൻവിള കറുവാമൂട് കുടുംബത്തിന്റെ ശാദ്വലഭൂമിയിൽ നിന്ന് പ്രതിഭയുടെ വെളിച്ചവുമായി യാത്ര തിരിച്ച ഷഹനാദ്, സ്നേഹതീരത്തിന്റെ പ്രിയപ്പെട്ട അംഗമാണ്. മുൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി മർഹൂം ജലാലിന്റെയും കറുവാമൂട്ടിൽ ജഹാന്റെയും മകനായ ഷഹനാദിന്റെ ഈ നേട്ടം മാതാപിതാക്കളുടെ പ്രാർത്ഥനകളുടെയും നാടിന്റെ സ്നേഹത്തിന്റെയും പ്രതിഫലനം കൂടിയാണ്. ടെക്നോപാർക്കിലെ 'Equifax' കമ്പനിയിൽ എൻജിനീയറിങ് മാനേജരായ സൂര്യയാണ് അദ്ദേഹത്തിന്റെ സർഗ്ഗാത്മക യാത്രകൾക്ക് കൂട്ടായി കൂടെയുള്ളത്.
​ദൃശ്യങ്ങൾക്ക് ത്രസിപ്പിക്കുന്ന സ്പന്ദനം നൽകുകയും, ഭാവതീവ്രമായ അന്തരീക്ഷത്തിലൂടെ പ്രേക്ഷകമനസ്സുകളെ വിസ്മയത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയും ചെയ്ത ഷഹനാദിന്റെ ക്യാമറക്കണ്ണുകൾക്ക് മുന്നിൽ ഇന്ത്യൻ ചലച്ചിത്ര ലോകം ഇന്ന് ആദരവോടെ ശിരസ്സ് നമിക്കുന്നു.
​പെരുമാതുറയുടെ പെരുമയും സ്നേഹതീരത്തിന്റെ പ്രകാശവുമായി മാറിയ പ്രിയപ്പെട്ട ഷഹനാദ് ജലാലിന്, ഹൃദയത്തിൽ ചാലിച്ച അനുമോദനങ്ങൾ! വരും നാളുകളിൽ ചലച്ചിത്ര ലോകത്ത് ഇനിയും വിസ്മയങ്ങൾ തീർക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
Media16 News