ജർമനിയിൽ ഉപരിപഠനത്തിന് പോയ മംഗളൂരു സ്വദേശിയായ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു.

ജർമനിയിൽ ഉപരിപഠനത്തിന് പോയ മംഗളൂരു സ്വദേശിയായ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മംഗളൂരു മരക്കാട കുഞ്ചത്തബൈൽ സ്വദേശി മുഹമ്മദ് അനീസ് അബൂബക്കറാണ് മരിച്ചത് (21). ജർമ്മനിയിലെ ഹാലെയിലുള്ള രാൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ബിബിഎ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു അനീസ്. പിതാവ് അബൂബക്കർ സിദ്ദീഖ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കുമൊപ്പം ട്രെക്കിംഗിനായി പോയതായിരുന്നു അനീസ്. പിന്നീട് ലൈപ്‌സിഗിലെ റെഡ് ബുൾ അരീനയ്ക്ക് സമീപമുള്ള ജലാശയത്തിൽ സുഹൃത്തുക്കളോടൊപ്പം എത്തിയ ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ലാൻഡവർ ബ്രിഡ്ജ് ഭാഗത്തുള്ള വെള്ളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്ന് ജർമൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനീസിനൊപ്പം ഉണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ നാല് വിദ്യാർത്ഥികളെ പോലീസ് ചോദ്യം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആർക്കുമെതിരെയും കേസെടുത്തിട്ടില്ലെന്നും മരണകാരണം സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും അധികൃതർ അറിയിച്ചു.

ഒന്നര വർഷം മുമ്പാണ് അനീസ് ഉപരിപഠനത്തിനായി ജർമ്മനിയിൽ എത്തിയത്. അനീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബെർലിനിലെ ഇന്ത്യൻ എംബസിയുമായി ചേർന്ന് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.