ഘാനയെ വീഴ്ത്തി കൊളംബിയ; പ്രീ ക്വാർട്ടറിൽ എതിരാളി സ്വിസ്റ്റസർലൻഡ്

കാൻസാസ് സിറ്റി: ഘാനയുടെ പോരാട്ടവീര്യത്തെ പിടിച്ചുകെട്ടി ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ മനോഹാരിതയുമായി കൊളംബിയ. ലോകകപ്പിലെ അവസാന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കൊളംബിയ ഘാനയയെ മറികടന്നത്. കൊളംബിയയ്ക്കുവേണ്ടി 14-ാം മിനുറ്റിൽ യോൻ അരിയാസാണ് ഘാന വലകുലുക്കിയത്. ജൂലൈ എട്ടിന് നടക്കുന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്‌സർലൻഡ് ആയിരിക്കും കൊളംബിയയുടെ എതിരാളികൾ.

പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം തുടക്കം മുതൽക്കേ മുൻതൂക്കം കൊളംബിയയ്ക്ക് തന്നെയായിരുന്നു. എന്നാൽ എട്ടാം മിനിട്ടിൽ പരിക്കേറ്റ കൊളംബിയൻ താരം കൊർദോബയ്ക്ക് പകരക്കാരനായി ഹാവിയർ സുവാരസ് കളത്തിലിറങ്ങി. അധികം വൈകാതെ ഹാവിയർ സുവാരസിൻ്റെ ക്രോസിൽനിന്ന് യോൻ അരിയാസ് കൊളംബിയയെ മുന്നിലെത്തിച്ചു.

കൊളംബിയയുടെ നിരന്തര ആക്രമണങ്ങൾക്ക് മറുപടിയായി സെമന്യയെ മുൻനിർത്തിയുള്ള പ്രത്യാക്രമണങ്ങൾ ഘാന സംഘടിപ്പിച്ചു. 36ആം മിനിട്ടിൽ സെമന്യയ്ക്ക് ലഭിച്ച അവസരം മുതലെടുക്കാനായില്ല. ആദ്യപകുതി കൊളംബിയയുടെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

രണ്ടാം പകുതിയിലും പന്തിൻമേലുള്ള ആധിപത്യം നിലനിർത്തിയ കൊളംബിയ നിരന്തരം ഘാന ഗോൾമുഖത്തേക്ക് പാഞ്ഞെത്തി. 57ആം മിനിട്ടിൽ കൊളംബിയയുടെ ഡയസ് ഗോൾ നേടിയെങ്കിലും ഓഫ് സൈഡ് വിളിച്ചു. അതിനിടെ ഘാന നടത്തിയ ചില പ്രത്യാക്രമണങ്ങൾ ലക്ഷ്യം കണ്ടില്ല.

മത്സരത്തിൽ 14 തവണയാണ് കൊളംബിയ ഘാന ഗോൾപോസ്റ്റിലോക്ക് ഷോട്ടുതിർക്കാൻ ശ്രമിച്ചത്. ഇതിൽ എട്ടെണ്ണം ഓൺ ടാർജറ്റായിരുന്നു. മറുവശത്ത് ഘാന എട്ട് ഷോട്ടുകൾ ഉതിർത്തെങ്കിലും അതിൽ ഒരെണ്ണം പോലും ഓൺ ടാർജറ്റ് അല്ലായിരുന്നു. മത്സരത്തിലേക്ക് തിരിച്ചുവരാൻ ചില അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അവർക്ക് സാധിച്ചില്ല