സ്വപ്നങ്ങൾക്ക് എക്സ്പയറി ഡേറ്റ് ഇല്ല; അച്ഛൻ തോറ്റിടത്ത് നിന്ന് മകൻ തുടങ്ങുന്നു, ഏർലിങ് ഹാളണ്ട് എന്ന പ്രിയ പുത്രൻ; ദ ഗ്ലാഡിയേറ്റർ

ലോക ഫുട്ബോളിലെ അതികായന്മാരായ ബ്രസീലിനെ നോർവെ മുട്ടുകുത്തിച്ചപ്പോൾ, ആ വിജയഗാഥയ്ക്ക് പിന്നിൽ ഏർലിങ് ഹാളണ്ട് എന്ന ഒറ്റയാന്റെ പോരാട്ടവീര്യമായിരുന്നു. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളും ചുമലിലേറ്റിയ ഈ ‘ജിന്ന്’, വാസ്തവത്തിൽ ജീവൻ നൽകുന്നത് സ്വന്തം അച്ഛന്റെ ഒരു പഴയ സ്വപ്നത്തിനാണ്. അച്ഛന്റെ നഷ്ടപ്പെട്ട സ്വപ്നം മകനിലൂടെ സാക്ഷാത്കരിക്കുന്ന അതിമനോഹരമായ ഒരു ഫുട്ബോൾ യാത്രയാണിത്.

വർഷം 1994. ജൂൺ 28-ന് അമേരിക്കയിലെ ന്യൂജേഴ്‌സിയിലുള്ള റുതർഫോർഡ് സ്റ്റേഡിയം. ലോകകപ്പിലെ ഗ്രൂപ്പ് ഇ-യിൽ അയർലൻഡിനെതിരായ നോർവെയുടെ അവസാന മത്സരം. റഫറിയുടെ അവസാന വിസിൽ മുഴങ്ങുമ്പോൾ സ്കോർബോർഡിൽ ഗോൾരഹിത സമനില. പോയിന്റ് നിലയിൽ മറ്റ് ടീമുകൾക്കൊപ്പമായിരുന്നിട്ടും, ഗോൾ വ്യത്യാസത്തിന്റെ കണക്കുകളിൽ നിർഭാഗ്യം വില്ലനായപ്പോൾ നോർവെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. അന്ന് നോർവെയുടെ മധ്യനിരയിൽ നിരാശയോടെയും കണ്ണീരോടെയും നിന്ന ആൽഫ് ഇംഗെ ഹാളണ്ട് എന്ന കളിക്കാരന്റെ സങ്കടം ഫുട്ബോൾ ലോകം കണ്ടതാണ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റ്, ലീഡ്സ് യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ മികച്ചൊരു ഡിഫൻസീവ് മിഡ്‌ഫീൽഡറായിരുന്നു ആൽഫ് ഇംഗെ ഹാളണ്ട്. പരിക്കുകൾ കാരണം കരിയർ നേരത്തെ അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹത്തിന് ദേശീയ കുപ്പായത്തിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.

കാലം കടന്നുപോയി. അച്ഛന്റെ ഫുട്ബോൾ പാരമ്പര്യം സിരകളിൽ പേറി ലീഡ്‌സിൽ ജനിച്ച ഏർലിങ് ഹാളണ്ട്, ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും വലിയ വിനാശകാരിയായ സ്ട്രൈക്കറാണ്. അച്ഛൻ കളിച്ച അതേ മാഞ്ചസ്റ്റർ സിറ്റിയിലൂടെ ക്ലബ്ബ് ഫുട്ബോളിലെ സകല ഗോൾവേട്ട റെക്കോർഡുകളും അവൻ തകർത്തെറിഞ്ഞു. ശാരീരിക കരുത്തും അസാമാന്യ വേഗതയും കൊണ്ട് മൈതാനത്ത് ഒരു ‘യന്ത്രമനുഷ്യനെപ്പോലെ’ കുതിക്കുന്ന ഈ മകൻ, താൻ ജനിച്ച ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന സ്വന്തം രാജ്യത്തിന് വേണ്ടി ഒരു കൊടുങ്കാറ്റായി മാറുകയാണ്.

28 വർഷങ്ങൾക്ക് ശേഷം നോർവെ വീണ്ടും ഒരു ലോകകപ്പ് വിസ്മയം തീർക്കുമ്പോൾ, ഗാലറിയിൽ ഒരു സാധാരണ ആരാധകനെപ്പോലെ മകന്റെ പ്രകടനം കാണാൻ ആൽഫ് ഇംഗെയും ഇന്നുണ്ട്. അച്ഛന്റെ മുന്നിൽ വെച്ച് ഹാളണ്ട് നോർവെയെ മുന്നിൽ നിന്ന് നയിക്കുന്നു. ഈ ടൂർണമെന്റിൽ ഹാളണ്ടിന്റെ പ്രകടനം അവിശ്വസനീയമാണ്:

ഇറാഖിനെതിരെ രണ്ട് ഗോളുകൾ, സെനഗലിനെതിരെ രണ്ട് ഗോളുകൾ ഐവറി കോസ്റ്റിനെതിരെ നിർണായക വിജയഗോൾ, തുടർന്ന് ബ്രസീലിനെതിരെ ചരിത്രമായി മാറിയ പ്രീക്വാർട്ടർ പോരിൽ കാനറികളെ കെട്ടുകെട്ടിച്ച ഇരട്ട ഗോളുകൾ!

അച്ഛൻ പന്ത് തട്ടിയ അതേ അമേരിക്കൻ മണ്ണിൽ വെച്ചുതന്നെ, മകൻ നോർവെയെ ചരിത്ര വിജയങ്ങളിലേക്ക് നയിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. 1994-ൽ ആൽഫ് ഇംഗെയ്ക്ക് നേടാനാവാതെ പോയ ആ വലിയ ലോകകപ്പ് സ്വപ്നം, ഏർലിങ് ഹാളണ്ട് എന്ന ഇതിഹാസം തന്റെ രാജ്യത്തിന് സമ്മാനിക്കുമോ എന്നാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.