ഇന്നലെ മാത്രം പവന് 2,480 രൂപയുടെ വർധനയുണ്ടായിരുന്നു. രാവിലെ ഗ്രാമിന് 140 രൂപ ഉയർന്ന സ്വർണവില വൈകുന്നേരത്തോടെ വീണ്ടും 170 രൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം 13,350 രൂപയിലും പവൻ 1,06,800 രൂപയിലുമെത്തിയിരുന്നു.
പശ്ചിമേഷ്യയിലെ സംഘർഷം ശമിക്കുന്നതിന്റെയും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറിനടുത്തേക്ക് താഴ്ന്നതിന്റെയും പശ്ചാത്തലത്തിൽ അമേരിക്കയിലെ പണപ്പെരുപ്പ ആശങ്ക കുറയുമെന്ന വിലയിരുത്തലാണ് സ്വർണവിലയ്ക്ക് കരുത്തായത്.
ഇതോടെ അമേരിക്കയിൽ പലിശനിരക്ക് ഉയരാനുള്ള സാധ്യത കുറഞ്ഞതായാണ് വിപണി വിലയിരുത്തുന്നത്. പലിശനിരക്ക് വർധിക്കില്ലെന്ന പ്രതീക്ഷ സ്വർണത്തിൽ നിന്ന് മറ്റ് നിക്ഷേപമേഖലകളിലേക്ക് പണം ഒഴുകിപ്പോകാനുള്ള സാധ്യത കുറച്ചതും സ്വർണവിലയുടെ തിരിച്ചുകയറ്റത്തിന് കാരണമായതായി വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
