ഇറച്ചിക്കും മീനിനും മുട്ടക്കും മാത്രമല്ല തൊട്ടാല്‍ തീ വില; കുടുംബ ബജറ്റ് ആകെ തെറ്റും

മണ്‍സൂണിലെ മഴക്കുറവും ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ വിളവെടുപ്പിലുണ്ടായ കാലതാമസവും കാരണം പച്ചക്കറി വില പിടിതരാതെ കുതിക്കുകയാണ്. തക്കാളി, കാബേജ്, ക്യാരറ്റ്, ബീന്‍സ്, കോളി ഫ്‌ലവര്‍, ചെറിയുള്ളി എന്നിവയ്ക്കാണ് വില വര്‍ദ്ധിച്ചത്. ഊട്ടിയില്‍ നിന്നുള്ള നല്ലയിനം ബീന്‍സിന് 90 രൂപയാണ് കിലോയ്ക്ക് വില. ബീറ്റ്‌റൂട്ടിന് നേരത്തെ 60 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 70 ആയി.

കാരറ്റ് 50-70 രൂപ, അമരക്ക 50 - 70, ചെറിയുള്ളി 50 - 70 എന്നിങ്ങനെയും വില വര്‍ദ്ധിച്ചു. മഴ താളം തെറ്റിയതിനാല്‍ ഉല്‍പ്പാദനം കുറഞ്ഞതാണ് വിലവര്‍ദ്ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. എല്ലാ വര്‍ഷവും സീസണില്‍ വിലവര്‍ദ്ധന അനുഭവപ്പെടാറുണ്ട്. പിന്നീട് വിലകുറയാറാണ് പതിവ്. ഇത്തവണ കുറയുന്നില്ല. കര്‍ണാടകയിലെ മൈസൂരു, തമിഴ്‌നാട്ടിലെ മേട്ടുപ്പാളയം, തലവാടി, ഒട്ടന്‍ഛത്രം തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പച്ചക്കറി എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 20 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 40 - 52 രൂപയായി. ഇഞ്ചി വില 100 രൂപയിലെത്തി.

ഇഞ്ചിവില ഇനിയും കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഉണ്ട മുളക് 65, വെളുത്തുള്ളി 175, ഉരുളക്കിഴങ്ങ് 60, സവാള 40, കയ്പ്പക്ക 30, വഴുതിന 35, പയര്‍ 30 എന്നിങ്ങനെയാണ് പുതിയ വിലനിലവാരം. ഇതെല്ലാം മൊത്തവിലയാണ്. ചില്ലറ വ്യാപാരികളിലേക്ക് എത്തുമ്പോള്‍ വില ഇനിയും ഉയരും. ഇന്ധനവില വര്‍ദ്ധിച്ചതോടെ ചരക്കുനീക്കത്തിനും ചെലവേറി. മേയ് 15, 20, 23, 25 തീയതികളില്‍ നാലുതവണയാണ് ഇന്ധനവില വര്‍ദ്ധിച്ചത്.

മേയ് 15ന് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപ ഒറ്റയടിക്ക് കൂടി. 20, 23 ദിവസങ്ങളില്‍ രണ്ട് തവണകളായി പെട്രോളിന് 86, 87 പൈസയും ഡീസലിന് 83, 91 പൈസയും വര്‍ദ്ധിപ്പിച്ചു. 25ന് വീണ്ടും പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും വര്‍ധിപ്പിച്ചു. പാചകവാതക വിലവര്‍ധനവിന് പുറമെയാണ് പച്ചക്കറിവില വര്‍ദ്ധനയും ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്നത്.