മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ധനസഹായ സന്ദേശം; ഓൺലൈൻ തട്ടിപ്പില്‍ യുവാവിന് പണം നഷ്ടമായി:

മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ധനസഹായ സന്ദേശം; ഓൺലൈൻ തട്ടിപ്പില്‍ യുവാവിന് പണം നഷ്ടമായി:

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വ്യാജ ധനസഹായ വാഗ്ദാനത്തിൽ വിശ്വസിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്ന് പറവൂർ സ്വദേശിക്ക് പണം നഷ്ടമായി. ‘ധൻ ധൻ യോജന’ പദ്ധതിയിലൂടെ 5,000 രൂപ ധനസഹായം ലഭിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യം വിശ്വസിച്ച മാച്ചാംതുരുത്ത് സ്വദേശി ഡയാൻ ഫ്രാൻസിസിനാണ് 2,499 രൂപ നഷ്ടമായത്.

മുഖ്യമന്ത്രിയുടെ പേരും ചിത്രവും ഉൾപ്പെടുത്തിയ സന്ദേശം കണ്ടാണ് ഡയാൻ ഫ്രാൻസിസ് ലിങ്കിൽ പ്രവേശിച്ചത്. തുടർന്ന് നൽകിയ നിർദേശങ്ങൾ അനുസരിച്ച് വിവരങ്ങൾ രേഖപ്പെടുത്തി ഓൺലൈൻ പേയ്‌മെന്റ് നടത്തിയതോടെയാണ് തട്ടിപ്പ് നടന്നത്. തുക നഷ്ടമായെന്ന് മനസ്സിലായതോടെ അദ്ദേഹം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. ​ഡയാൻ പറവൂർ പൊലീസിന് നൽകിയ പരാതി ആലുവ സൈബർ പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്, സർക്കാർ പദ്ധതികളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പരസ്യങ്ങളും ലിങ്കുകളും പരിശോധിക്കാതെ വിശ്വസിക്കരുതെന്നും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ സർക്കാർ അറിയിപ്പുകളിലൂടെയോ മാത്രമേ ഇത്തരം വിവരങ്ങൾ സ്ഥിരീകരിക്കാവൂ എന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വ്യാജലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിവിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്നും മുന്നറിയിപ്പുണ്ട്..