പൊലീസ് ഒഴിപ്പിച്ച ജന്തർ മന്തർ വീണ്ടും കയ്യേറി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നു

പൊലീസ് ഒഴിപ്പിച്ച ജന്തർ മന്തർ വീണ്ടും കയ്യേറി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. കനത്ത മഴയിലും രാത്രി വൈകിയും നൂറുകണക്കിന് പ്രതിഷേധക്കാരാണ് ജന്തർ മന്തറിലെത്തിയത്. ഇന്ന് വീണ്ടും പാർലമെന്റ് മാർച്ച് നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

കേന്ദ്രസർക്കാരുമായുള്ള ചർച്ചയ്ക്ക് സിജെപി ഉപാധിയും മുന്നോട്ടുവെച്ചു. ജന്തർ മന്തറിൽ നേരിട്ടെത്തി ചർച്ച നടത്തണമെന്നാണ് ആവശ്യം. പൊലീസിനോ കേന്ദ്രസർക്കാർ പ്രതിനിധികൾക്കോ ചർച്ചയിൽ പങ്കെടുക്കാമെന്നും പാർട്ടി വ്യക്തമാക്കി. കൂടിയാലോചന നടത്തി തീരുമാനമറിയിക്കാമെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ കബളിപ്പിച്ചുവെന്ന ആരോപണവും സിജെപി ഉന്നയിച്ചു. ജന്തർ മന്തർ പ്രദേശത്ത് ഇന്നും സംഘർഷസാധ്യത നിലനിൽക്കുന്നതായാണ് വിലയിരുത്തൽ.

ഇതിനിടെ, പാർലമെന്റ് മാർച്ചിനിടെ 12 വയസ്സുകാരിക്ക് പരുക്കേറ്റ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷൻ അംഗം പ്രിയങ്ക് കാനൂംഗോയുടെ നേതൃത്വത്തിലാകും അന്വേഷണം. കുട്ടിയെ കണ്ടെത്തി ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടി പ്രതിഷേധത്തിൽ എങ്ങനെ പങ്കാളിയായെന്നും ആരാണ് കൊണ്ടുവന്നതെന്നും പരിശോധിക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം തുടർനടപടികളും പരിഗണിക്കും.
പെൺകുട്ടിയെ പൊലീസ് ആക്രമിച്ചെന്ന സിജെപിയുടെ ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു.

അതേസമയം, ഇന്നലത്തെ പ്രതിഷേധത്തിനിടെ 118 പൊലീസ്-കേന്ദ്രസേനാംഗങ്ങൾക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. സ്പെഷ്യൽ കമ്മിഷണർ ഉൾപ്പെടെ അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാർക്ക് പരുക്കേറ്റത് 60 പേർക്കാണെന്നാണ് പൊലീസ് കണക്ക്. എന്നാൽ നൂറുകണക്കിന് പ്രവർത്തകർക്ക് പരുക്കേറ്റതായി സിജെപി ആരോപിച്ചു.
പൊലീസിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് 70 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.