ഒക്സിജൻ ഉപകരണം പണിമുടക്കി, ജീവശ്വാസം പകർന്ന് നവജാത ശിശുവിന്റെ ജീവൻ രക്ഷിച്ച് ഒരു ഡോക്റ്റർ

ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദം ഒരു കുഞ്ഞ് ജനിച്ച ഉടനേ ആദ്യമായി കരയുന്ന ശബ്ദമാണ്. തന്റെ കുഞ്ഞ് കരയുന്ന ശബ്ദം കേൾക്കാനായി കാതോർത്തിരുന്ന ഒരു അമ്മയ്ക്ക് മുന്നിൽ ജനിച്ചുവീണ കുഞ്ഞ് ശ്വാസമെടുക്കാതെ നിശ്ചലമായി കിടക്കുന്ന അവസ്ഥ ആണെങ്കിലോ?ആഗ്രയിലെ എത്മാദ്പൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്നത് അത്തരത്തിലൊരു നെഞ്ചിടിപ്പേറ്റുന്ന സംഭവമായിരുന്നു. ഒരു പെൺകുഞ്ഞ് ജനിച്ചുവീഴുന്നു, പക്ഷേ അവൾക്ക് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നില്ല. ജീവന്റെ ഒരു തുടിപ്പ് പോലുമില്ലാതെ കിടക്കുന്ന ആ കുരുന്നിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആശുപത്രിയിലെ ഓക്സിജൻ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സാധാരണ സംവിധാനങ്ങളും അവർ ഉപയോഗിച്ചു നോക്കി. നിർഭാഗ്യവശാൽ യന്ത്രങ്ങൾക്കൊന്നും ആ ജീവൻ തിരികെ നൽകാൻ കഴിഞ്ഞില്ല. പ്രതീക്ഷകളെല്ലാം അസ്തമിച്ച്, കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയത്തിൽ കുടുംബവും ആശുപത്രി ജീവനക്കാരും പകച്ചുനിൽക്കുന്ന ആ നിമിഷത്തിലാണ് ഡോക്ടർ സുരേഖ ചൗധരി എന്ന ദൈവത്തിന്റെ മാലാഖ അവിടെ അവതരിക്കുന്നത്.

യന്ത്രങ്ങൾ പരാജയപ്പെട്ടപ്പോൾ സ്വന്തം ജീവശ്വാസം നൽകി ആ കുഞ്ഞിനെ രക്ഷിക്കാൻ ഡോക്ടർ സുരേഖ തീരുമാനിച്ചു. ഒരു നിമിഷം പോലും വൈകാതെ അവർ കുഞ്ഞിന് മൗത്ത്-ടു-മൗത്ത് റെസസിറ്റേഷൻ നൽകാൻ ആരംഭിച്ചു. കണ്ടുനിൽക്കുന്നവരുടെ ശ്വാസം നിലയ്ക്കുന്ന ആ നിമിഷങ്ങളിൽ, തുടർച്ചയായ ഏഴ് മിനിറ്റോളമാണ് ഡോക്ടർ ആ കുഞ്ഞിന്റെ വായിലേക്ക് സ്വന്തം ശ്വാസം ഊതിനൽകിയത്. തളരാതെ, ഒരു ജീവനും വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ അവർ ആ കുരുന്നിന് ശ്വാസം നൽകിക്കൊണ്ടേയിരുന്നു. ഓരോ സെക്കൻഡും മണിക്കൂറുകൾ പോലെ നീണ്ടുനിന്ന ആ ഏഴ് മിനിറ്റുകൾക്കൊടുവിൽ ഒരു അത്ഭുതം സംഭവിച്ചു. ഡോക്ടറുടെ അർപ്പണബോധത്തിന് മുന്നിൽ മരണം വഴിമാറി. ആ കുഞ്ഞ് പതുക്കെ സ്വന്തമായി ശ്വാസമെടുക്കാൻ തുടങ്ങി. എല്ലാവരെയും ആശ്വാസത്തിന്റെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ആ കുഞ്ഞിന്റെ കരച്ചിൽ ആശുപത്രി വരാന്തയിൽ മുഴങ്ങിക്കേട്ടു. തങ്ങളുടെ മുന്നിലെത്തുന്ന ഓരോ ജീവനും വിലപ്പെട്ടതാണെന്ന് കരുതുന്ന, അതിനായി ഏതറ്റം വരെയും പോകുന്ന ഇത്തരം ഡോക്ടർമാർ മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. മെഡിക്കൽ സയൻസിന്റെ സാങ്കേതികവിദ്യകൾ പരാജയപ്പെട്ടിടത്ത് ഒരു ഡോക്ടറുടെ നിശ്ചയദാർഢ്യവും സ്നേഹവും എങ്ങനെയാണ് ഒരു അത്ഭുതം സൃഷ്ടിച്ചത് എന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.