സൗദിയില്‍ പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ; ഒരു വര്‍ഷം കാലാവധി, ആകെ 90 ദിവസം വരെ താമസം

ജിദ്ദ: ഒരു വര്‍ഷത്തെ കാലാവധിയുള്ള പുതിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി ഉംറ വിസ സൗദി അറേബ്യ പ്രഖ്യാപിച്ചു. ഈ വിസ ഉപയോഗിച്ച് തീര്‍ഥാടകര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഒന്നിലധികം തവണ സൗദി അറേബ്യ സന്ദര്‍ശിക്കാം. എന്നാല്‍, എല്ലാ സന്ദര്‍ശനങ്ങളും ചേര്‍ത്ത് ആകെ 90 ദിവസം വരെ മാത്രമേ രാജ്യത്ത് താമസിക്കാന്‍ കഴിയൂ എന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സൗദി വിഷന്‍ 2030, പില്‍ഗ്രിം എക്‌സ്പീരിയന്‍സ് പ്രോഗ്രാം എന്നിവയുടെ ഭാഗമായാണ് പുതിയ വിസ സംവിധാനം നടപ്പാക്കിയത്. 

തീര്‍ഥാടകരുടെ യാത്രാനടപടികള്‍ ലളിതമാക്കുക, സന്ദര്‍ശനാനുഭവം മെച്ചപ്പെടുത്തുക, സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. പുതിയ സംവിധാനപ്രകാരം, ഓരോ സന്ദര്‍ശനത്തിനും നുസൂഖ്-പ്ലാറ്റ്‌ഫോമിലൂടെ അംഗീകൃത ഏജന്‍സിയില്‍ നിന്ന് സര്‍വീസ് പാക്കേജ് വാങ്ങണം. പാക്കേജിന്റെ കാലാവധി വിസയില്‍ ബാക്കിയുള്ള ദിവസങ്ങളെ കവിയാന്‍ പാടില്ല. കൂടാതെ, സൗദിയിലെത്തുന്നതിന് മുമ്പ് Nusuk ആപ്പിലൂടെ ഉംറ പെര്‍മിറ്റും നിര്‍ബന്ധമായും നേടണം. 

ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ അറിയിപ്പനുസരിച്ച്, ഓരോ തവണയും സൗദി അറേബ്യ വിട്ടുപോകുമ്പോള്‍ വിസ സ്വയമേവ പ്രവര്‍ത്തനരഹിതമാകും. പിന്നീട് വീണ്ടും സന്ദര്‍ശിക്കാന്‍ ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാല്‍ വിസ വീണ്ടും സജീവമാക്കും. എന്നാല്‍, ദുല്‍ഖഅ്ദ 1 മുതല്‍ ദുല്‍ഹിജ്ജ 13 വരെ നീളുന്ന വാര്‍ഷിക ഹജ്ജ് സീസണില്‍ ഈ വിസ ഉപയോഗിച്ച് സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ കഴിയില്ല. രാജ്യത്തെ ഹജ്ജ് ചട്ടങ്ങള്‍ക്കനുസരിച്ചാണ് ഈ നിയന്ത്രണം.

മതടൂറിസം വിപുലീകരിക്കാനും, വര്‍ഷം മുഴുവന്‍ മുസ്‌ലിം തീര്‍ഥാടകരെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്താനും, ഡിജിറ്റല്‍ സേവനങ്ങളും ലളിതമായ സന്ദര്‍ശക നടപടിക്രമങ്ങളും പ്രോത്സാഹിപ്പിക്കാനുമാണ് ഈ പുതിയ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തല്‍.