60 വർഷത്തെ മികച്ച പ്രകടനത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട്; ഗോൾവേട്ടയിൽ ഒന്നാമതെത്തി എംബാപ്പെ

ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലേറ്റിയ ലൂസേഴ്സ് ഫൈനലിൽ മുൻ ലോകചാമ്പ്യന്മാരായ ഫ്രാൻസിനെ അടിയറവ് പറയിച്ച് ഇംഗ്ലണ്ടിന് 2026 ലോകകപ്പിൽ വെങ്കലത്തിളക്കം. ബുക്കയോ സാക്കയുടെ ഹാട്രിക്കും എംബാപ്പെയുടെ ഇരട്ട ഗോളും കണ്ട മത്സരത്തിൽ നാലിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് പടയുടെ ആധികാരിക ജയം. ആദ്യപകുതിയിൽ 4-0 ലീഡ് നേടിയ ഇംഗ്ലണ്ട് ജയം ഉറപ്പിച്ചെങ്കിലും രണ്ടാം പകുതിയിൽ, ഇരട്ട ഗോളുമായി തിളങ്ങിയ എംബാപ്പെയുടെ കരുത്തിൽ ഫ്രാൻസ് കടുത്ത മത്സരം കാഴ്ചവച്ചു.

 മൂന്നാം മിനിറ്റിൽ ഡെക്ലാൻ റൈസിലൂടെ ഗോൾവേട്ട തുടങ്ങിയ ഇംഗ്ലണ്ടിനായി പതിനെട്ടാം മിനിറ്റിൽ റൈസിന്റെ തന്നെ പാസിൽ നിന്ന് എസ്രി കോൻസ ലീഡുയർത്തി. പിന്നീട് ആഴ്സണൽ മുന്നേറ്റനിര താരം ബുകായോ സാക്കയുടെ ഊഴമായിരുന്നു. മുപ്പത്തിയേഴാം മിനിറ്റിലും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും ഫ്രഞ്ച് വലകുലുക്കിയ സാക്ക ഇംഗ്ലണ്ടിന് നാല് ഗോളിന്റെ വമ്പൻ ലീഡ് സമ്മാനിച്ചാണ് ഇടവേളയ്ക്ക് മടങ്ങിയത്.

രണ്ടാം പകുതിയിൽ ഉസ്മാൻ ഡെംബെലെയെ ഉൾപ്പെടെ കളത്തിലിറക്കി ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് തന്ത്രങ്ങൾ മാറ്റിയതോടെ മത്സരത്തിന്റെ ഗതിമാറി. ഗോൾഡൻ ബൂട്ട് ലക്ഷ്യമിട്ടിറങ്ങിയ കിലിയൻ എംബാപ്പെ നാൽപ്പത്തിയെട്ടാം മിനിറ്റിൽ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. അമ്പത്തിനാലാം മിനിറ്റിൽ ബ്രാഡ്‌ലി ബാർകോളയിലൂടെ ഫ്രാൻസ് വീണ്ടും നില മെച്ചപ്പെടുത്തി. അറുപത്തിയാറാം മിനിറ്റിൽ എംബാപ്പെ തന്റെ രണ്ടാം ഗോളും ടൂർണമെന്റിലെ പത്താം ഗോളും നേടിയതോടെ സ്കോർ 4-3 എന്ന നിലയിലായി. ഇതോടെ മത്സരം കടുത്ത സമ്മർദ്ദത്തിലേക്ക് വഴിമാറി.

എന്നാൽ എൺപത്തിയേഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് സാക്ക തന്റെ ഹാട്രിക് പൂർത്തിയാക്കിയതോടെ ഇംഗ്ലണ്ട് കളി തിരിച്ചു പിടിച്ചു. ലോകകപ്പിൽ ഇംഗ്ലണ്ടിനായി ഹാട്രിക് നേടുന്ന നാലാമത്തെ മാത്രം താരമാണ് സാക്ക. 

പൊരുതാനുറച്ചുതന്നെ നിന്ന ഫ്രാൻസ് ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ ഉസ്മാൻ ഡെംബാലെയിലൂടെ ഒരു ഗോൾ കൂടി മടക്കി സ്കോർ 5-4 ആക്കി. എന്നാൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയ ജൂഡ് ബെല്ലിംഗ്ഹാം ഫ്രഞ്ച് വലയിൽ ആറാം ഗോളും നിക്ഷേപിച്ച് ഇംഗ്ലണ്ടിന്റെ വെങ്കല നേട്ടം ഉറപ്പിച്ചു. 

1966-ൽ സ്വന്തം മണ്ണിൽ കിരീടം ചൂടിയതിന് ശേഷം ലോകകപ്പ് വേദിയിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച നേട്ടം കൂടിയാണിത്.

1990-ലും 2018-ലും ലൂസേഴ്സ് ഫൈനലിൽ പരാജയപ്പെട്ട ചരിത്രം തിരുത്തിക്കുറിച്ചാണ് ഇംഗ്ലണ്ട് ഇത്തവണ മടങ്ങുന്നത്. 1982-ൽ എൽ സാൽവഡോറിനെതിരെ ഹംഗറി പത്തിന് ഒന്ന് എന്ന സ്കോറിന് വിജയിച്ചതിന് ശേഷം ലോകകപ്പ് വേദിയിൽ പിറക്കുന്ന ഏറ്റവും വലിയ ഗോൾ നേട്ടം കൂടിയാണിത്.