സ്വർണ്ണം, ചെമ്പ്, ആനക്കൊമ്പ്, യൂറോപ്യൻ നാണയങ്ങൾ തുടങ്ങി വിലമതിക്കാനാവാത്ത വൻ നിധിശേഖരമാണ് ഈ കപ്പലിൽ ഉണ്ടായിരുന്നത്. ‘ബോം ജീസസ്’ എന്ന് പേരുള്ള ഈ കപ്പൽ പതിനാറാം നൂറ്റാണ്ടിൽ അപകടത്തിൽപ്പെട്ടതാണെന്ന് ചരിത്രകാരന്മാർ പിന്നീട് തിരിച്ചറിഞ്ഞു. ആഫ്രിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്.
കാലപ്പഴക്കത്തിൽ നശിച്ചുപോകേണ്ടിയിരുന്ന ഈ കപ്പലിനെ നൂറ്റാണ്ടുകളോളം കേടുപാടുകൾ കൂടാതെ സംരക്ഷിച്ചത് നമീബിയൻ മരുഭൂമിയിലെ വരണ്ട കാലാവസ്ഥയും തണുത്ത സമുദ്രജലവും സംരക്ഷണ കവചമൊരുക്കിയ മണലുമാണ്. അതുകൊണ്ടുതന്നെ അതിലോലമായ വസ്തുക്കൾ പോലും ശാസ്ത്രജ്ഞർക്ക് ഇവിടുന്ന് വീണ്ടെടുക്കാനായി. ദീർഘദൂര യാത്രകൾക്കായി പോർച്ചുഗീസുകാർ ഉപയോഗിച്ചിരുന്ന വലിയ കപ്പലായ ബോം ജീസസ്, 1533 മാർച്ച് 7-ന് ലിസ്ബണിൽ നിന്നാണ് ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. വ്യാപാരത്തിനായി യൂറോപ്പിൽ നിന്നും ഏഷ്യയിലേക്ക് പോകുന്നതിനിടെ അറ്റ്‌ലാൻ്റിക് സമുദ്രത്തിലുണ്ടായ അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് കപ്പൽ ‘സ്കെലിറ്റൺ കോസ്റ്റ്’ എന്നറിയപ്പെടുന്ന നമീബിയൻ തീരത്ത് തകർന്നടിയുകയായിരുന്നു എന്നാണ് നിഗമനം.
നവോത്ഥാന കാലഘട്ടത്തിലെ യൂറോപ്യൻ വ്യാപാര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്ന നിരവധി വസ്തുക്കളാണ് ഗവേഷകർ കണ്ടെടുത്തത്. രണ്ടായിരത്തിലധികം സ്വർണ്ണ, വെള്ളി നാണയങ്ങൾ, 17 ടണ്ണോളം ഭാരം വരുന്ന 1845 ചെമ്പ് കട്ടകൾ, പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 105 ആനക്കൊമ്പുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. നിധിശേഖരം ലഭിച്ചെങ്കിലും കപ്പലിലുണ്ടായിരുന്ന നാവികരെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല എന്നത് വലിയൊരു ദുരൂഹതയാണ്.
ഏകദേശം 200 പേരോളം വരുന്ന യാത്രാസംഘം കപ്പലിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ ശരീര അവശിഷ്ടങ്ങളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. അപകടസമയത്ത് ഇവർ കടലിൽ മുങ്ങിമരിച്ചതാകാമെന്നോ, അതല്ലെങ്കിൽ കരയിലെത്തിയ ശേഷം കുടിവെള്ളവും ഭക്ഷണവുമില്ലാത്ത കടുത്ത ചൂടുള്ള നമീബിയൻ മരുഭൂമിയിലൂടെ നടന്ന് എവിടെയെങ്കിലും വെച്ച് മരിച്ചതാകാമെന്നുമാണ് ഗവേഷകർ കരുതുന്നത്.
