സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ സാധാരണക്കാരായ രോഗികള്‍ക്ക് പരമാവധി ആശ്വാസം നല്‍കുന്ന വിപ്ലവകരമായ മാറ്റങ്ങളുമായി യുഡിഎഫ് സര്‍ക്കാര്‍.
മെഡിക്കല്‍ കോളജുകളിലെ ഒപി, ഐപി, അത്യാഹിത വിഭാഗങ്ങളില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിക്കൊണ്ട് ആരോഗ്യ വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.
മെഡിക്കല്‍ കോളജുകളിലെ ഫാര്‍മസികളില്‍ നിന്ന് ഇനി മുതല്‍ ഡോക്ടറെ വീണ്ടും കാണാതെ തന്നെ ആറ് മാസം വരെ തുടര്‍ച്ചയായി മരുന്ന് വാങ്ങാമെന്നതാണ് ഏറ്റവും വലിയ പ്രഖ്യാപനം. വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് പതിവായി മരുന്ന് കഴിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് മണിക്കൂറുകളോളം ക്യൂ നില്‍ക്കാതെ മരുന്ന് ലഭ്യമാക്കാന്‍ ഈ തീരുമാനം സഹായിക്കും. ആരോഗ്യരംഗത്തെ പാളിച്ചകള്‍ തിരുത്താന്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നേരിട്ട് രംഗത്തിറങ്ങിയതോടെ കേരളത്തിന്റെ ആരോഗ്യ മോഡല്‍ വീണ്ടും സുവര്‍ണ്ണ കാലത്തേക്ക് തിരിച്ചെത്തുകയാണെന്ന വിലയിരുത്തലിലാണ് പൊതുജനങ്ങള്‍.
പുതിയ സര്‍ക്കുലര്‍ പ്രകാരം, രോഗികള്‍ അവസാനമായി ഡോക്ടറെ കണ്ടപ്പോള്‍ കുറിച്ച് നല്‍കിയ മരുന്നുകള്‍ മാത്രമായിരിക്കും ഇത്തരത്തില്‍ 6 മാസം വരെ ഫാര്‍മസിയില്‍ നിന്നും നേരിട്ട് നല്‍കുക. ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആശുപത്രി ഫാര്‍മസിയില്‍ നിന്ന് ഒരേസമയം ഒരു മാസത്തേക്കുള്ള മരുന്ന് ഒറ്റത്തവണയായി വാങ്ങാനും സൗകര്യമുണ്ടാകും. ഡിസ്ചാര്‍ജ് ചെയ്യുന്നവര്‍ക്കുള്ള മരുന്നുകള്‍ ഒരു പ്രത്യേക ഒറ്റ കൗണ്ടറിലൂടെ വേണം നല്‍കാന്‍.
ടോക്കണെടുത്താല്‍ പരിശോധന നിര്‍ബന്ധം; അത്യാഹിത വിഭാഗത്തില്‍ മിന്നല്‍ ചികിത്സ
മെഡിക്കല്‍ കോളജുകളില്‍ എത്തുന്ന രോഗികളെ വട്ടംചുറ്റിക്കുന്ന പതിവ് രീതികള്‍ക്ക് ഇതോടെ അറുതിയാകും. ഒപി സമയം കഴിഞ്ഞാലും ടോക്കണ്‍ എടുത്ത് കാത്തിരിക്കുന്ന അവസാന രോഗിയെയും ഡോക്ടര്‍ നിര്‍ബന്ധമായും പരിശോധിച്ചിരിക്കണം. സൂപ്പര്‍ സ്‌പെഷ്യാലിറ്റികളില്‍ എത്തുന്ന രോഗികളുടെ അഡ്മിഷന്‍ നടപടികള്‍ അര മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിവേഗ ചികിത്സ ഉറപ്പാക്കേണ്ട അത്യാഹിത വിഭാഗത്തില്‍ ഗുരുതര പരുക്കുകളുമായി എത്തുന്നവര്‍ക്ക് 5 മിനിറ്റിനുള്ളില്‍ ചികിത്സ ആരംഭിക്കണമെന്നും സര്‍ക്കുലറില്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു.
കിടപ്പു രോഗികളുടെ ദുരിതങ്ങള്‍ക്കും പുതിയ ഉത്തരവോടെ പരിഹാരമാകും. എല്ലാ കിടപ്പു രോഗികള്‍ക്കും വെവ്വേറെ കട്ടില്‍, മെത്ത, തലയണ എന്നിവ ആശുപത്രികള്‍ ഉറപ്പാക്കണം. പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡുകളിലേത് ഒഴികെയുള്ള ഒഴിഞ്ഞ കിടക്കകള്‍ രോഗികളുടെ തിരക്ക് നിയന്ത്രിക്കാന്‍ താല്‍ക്കാലികമായി ഉപയോഗിക്കാം. രോഗിയെ അഡ്മിറ്റ് ചെയ്ത് 2 ദിവസത്തിനുള്ളില്‍ തന്നെ ആവശ്യമായ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കണം. എക്‌സ്‌റേ മുതല്‍ സ്‌കാനിങ് വരെയുള്ള എല്ലാ ഇമേജിങ് അപ്പോയ്ന്‍മെന്റുകളും വാര്‍ഡിലെ ജീവനക്കാര്‍ തന്നെ നേരിട്ട് ഉറപ്പാക്കേണ്ടതാണ്.
മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക ക്യൂ; പരാതി രജിസ്റ്റര്‍ നിര്‍ബന്ധം
ഒപി, ഫാര്‍മസി, ലാബ് തുടങ്ങി രോഗികള്‍ എത്തുന്ന എല്ലായിടത്തും മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും (അംഗപരിമിതര്‍) പ്രത്യേക ക്യൂ സംവിധാനം ഒരുക്കണം. ആശുപത്രിയിലെ എല്ലാ ബ്ലോക്കിലും രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കാന്‍ 'മേ ഐ ഹെല്‍പ് യു' ഡെസ്‌കുകള്‍ സ്ഥാപിക്കും. ഒപി, ലാബ്, ഫാര്‍മസി, എക്‌സ്‌റേ, സ്‌കാനിങ് എന്നിവിടങ്ങളിലെ എല്ലാ ജീവനക്കാരും രോഗികളോടും സഹായികളോടും മാന്യമായി മാത്രമേ പെരുമാറാവൂ.
എല്ലാ സേവന കൗണ്ടറുകളിലും പരാതി, നിര്‍ദേശ രജിസ്റ്റര്‍ സ്ഥാപിക്കുന്നത് പുതിയ ഉത്തരവോടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ രജിസ്റ്റര്‍ ദിവസവും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ഡെപ്യൂട്ടി സൂപ്രണ്ടിന് കൈമാറണം. ആശുപത്രിയിലെ ശുചിമുറികള്‍ ഓരോ മണിക്കൂറിലും വൃത്തിയാക്കണമെന്നും ഒപികളില്‍ കുടിവെള്ളം, മാലിന്യ ബിന്നുകള്‍, കസേരകള്‍, ഫാന്‍ എന്നിവ ഉറപ്പാക്കണമെന്നും സര്‍ക്കുലറിലുണ്ട്.
ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിര്‍ദേശപ്രകാരം പുറത്തിറക്കിയ ഈ ചരിത്രപരമായ മാറ്റങ്ങളെല്ലാം കൃത്യം 100 ദിവസത്തിനുള്ളില്‍ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രാവര്‍ത്തികമാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.
