പ്ലസ് വണ്‍ ക്ലാസ് നാളെ മുതല്‍; ഇതുവരെ പ്രവേശനം നേടിയത് 3,59,890 വിദ്യാര്‍ത്ഥികള്‍

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ഇന്നലെ വൈകിട്ട് ആറു വരെ സംസ്ഥാനത്ത് 3,59,890 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി. ക്ലാസുകള്‍ നാളെ ആരംഭിക്കും. 81,375 സീറ്റുകളുടെ ഒഴിവാണുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,83,570 പേരും എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റില്‍ 1,28,282 പേരും മാനേജ്മെന്റ് സീറ്റില്‍ 16,584 പേരും കമ്മ്യൂണിറ്റി ക്വാട്ടയില്‍ 19,674 പേരും അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 10,589 പേരും മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 1191 പേരും പ്രവേശനം നേടി.

സര്‍ക്കാര്‍ മെരിറ്റില്‍ 8611, എയ്ഡഡ് മെരിറ്റില്‍ 3685, എയ്ഡഡ് മാനേജ്മെന്റില്‍ 21,747, കമ്മ്യൂണിറ്റി ക്വാട്ടയില്‍ 4118, അണ്‍ എയ്ഡഡില്‍ 42,876, മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 338 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. സയന്‍സിന് 3425 സീറ്റും ഹ്യൂമാനിറ്റീസിന് 2745 സീറ്റും കൊമേഴ്‌സില്‍ല്‍ 2441 സീറ്റും സര്‍ക്കാര്‍ മേഖലയില്‍ ഒഴിവുണ്ട്. എയ്ഡഡ് മേഖലയില്‍ സയന്‍സിന് 14,637 സീറ്റുകളും ഹുമാനിറ്റീസിന് 6565 സീറ്റുകളും കൊമേഴ്‌സിന് 8368 സീറ്റുമാണ് ഒഴിവുള്ളത്.



പി.എം. യശസ്വി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം


സംസ്ഥാനത്തെ സര്‍ക്കാർ/ സര്‍ക്കാർ എയ്ഡഡ്‌ സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി, ഇ.ബി.സി വിഭാഗം വിദ്യാർഥികള്‍ക്ക്‌ പിന്നാക്ക വിഭാഗ വികസന വകുപ്പ്‌ മുഖേന അനുവദിക്കുന്ന പി.എം. യശ്വസി പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ ഫോർ ഒ.ബി.സി, ഇ.ബി.സി & ഡി.എൻ.റ്റി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുടെ സര്‍ക്കുലർ www.egrantz.kerala.gov.in ല്‍ ലഭ്യമാണ്‌. സ്കൂളുകളില്‍ നിന്നും ഡാറ്റാ എന്‍ടി പൂര്‍ത്തിയാക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളില്‍ ബന്ധപ്പെടണം.