മാധ്യമപ്രവർത്തകർ നിറഞ്ഞ കൺവെൻഷൻ ഹാളിൽ തികച്ചും ശാന്തനായാണ് റൊണാൾഡോ സംസാരിച്ചു തുടങ്ങിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തനിക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താരം പുഞ്ചിരിയോടെ മറുപടി നൽകി:
''ഇത് എന്റെ അവസാന ലോകകപ്പായിരിക്കും. ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഈ മത്സരം എന്റെ അവസാന കളി ആകില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 23 വർഷമായി അവർ എന്നെ തീർക്കാൻ നോക്കുന്നുണ്ട്. എനിക്ക് അതിൽ പരിഭവമില്ല. എന്നെ ആക്രമിച്ച മാധ്യമപ്രവർത്തകർക്ക് ഞാൻ നന്ദി പറയുന്നു, കാരണം ആ ആക്രമണങ്ങളാണ് എന്നെ കൂടുതൽ ശക്തനായ മനുഷ്യനാക്കിയത്. നാളെ എന്ത് സംഭവിച്ചാലും തികച്ചും ശുദ്ധമായ മനസ്സാക്ഷിയോടെയാണ് ഞാൻ കളം വിടുക. 100 ശതമാനമല്ല, 1,000 ശതമാനം സംതൃപ്തി എനിക്കുണ്ട്. കാരണം ഫുട്‌ബോളിനായി എന്റെ ജീവിതത്തിൽ നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകിക്കഴിഞ്ഞു.''
''ഈ പ്രായത്തിലും ഞാൻ ഈ ലോകകപ്പിൽ മൂന്ന് ഗോളുകൾ നേടിക്കഴിഞ്ഞു. അത് അത്ര മോശം പ്രകടനമാണോ? ഫുട്‌ബോൾ എനിക്ക് ജീവിക്കാൻ വേണ്ടിയുള്ളതല്ല, അതെന്റെ പാഷനാണ്. കളി ഇപ്പോഴും ആസ്വദിക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ തുടരുന്നത്. ലോകകപ്പ് കിരീടം നേടുക എന്നത് ഒരു ബാധ്യതയായി കണ്ട് ഞാൻ എന്റെ മേൽ സമ്മർദമുണ്ടാക്കുന്നില്ല. കപ്പ് നേടിയാലും ഇല്ലെങ്കിലും ഞാൻ ക്രിസ്റ്റ്യാനോ തന്നെയായിരിക്കും. അതിൽ ഒരു മാറ്റവും വരാനില്ല.'- റൊണാൾഡോ വ്യക്തമാക്കി.
