2022 ഡിസംബർ ഒന്നിനാണ് 34 വയസ്സുകാരിയായ യുവതി 3,122 രൂപ പ്രീമിയം അടച്ച് ഒരു വർഷത്തെ കാലാവധിയിൽ 20 ലക്ഷം രൂപയുടെ ഈ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തത്. പോളിസി നൽകുന്നതിന് മുൻപ് കമ്പനി ഉദ്യോഗസ്ഥർ ഇവരുടെ ആരോഗ്യനില പരിശോധിച്ച് തൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ പോളിസി എടുത്ത് എട്ടാം ദിവസം, അതായത് ഡിസംബർ ഒൻപതിന് ഹൃദയാഘാതത്തെ തുടർന്ന് യുവതി പെട്ടെന്ന് മരണപ്പെടുകയായിരുന്നു. തുടർന്ന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്ന ഭർത്താവ് ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ സമർപ്പിച്ചെങ്കിലും കമ്പനി ഇത് നിരസിച്ചു. യുവതിക്ക് നേരത്തെ തന്നെ അനീമിയ (രക്തക്കുറവ്) പോലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും നെഞ്ചുവേദന മുമ്പ് വന്നിരുന്നുവെന്ന് മറച്ചുവെച്ചാണ് യുവതി പോളിസി എടുത്തതെന്നും ആരോപിച്ചാണ് കമ്പനി ക്ലെയിം തള്ളിയത്.
ഇതിനെതിരെ യുവതിയുടെ കുടുംബം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഡി ശ്രീദേവി പ്രസിഡന്റായ കമ്മീഷൻ, യുവതിക്ക് മുൻപ് എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നോ അവർ അതിനായി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നോ തെളിയിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടവും മാനസിക വിഷമവും ഉണ്ടാക്കിയതായും കോടതി നിരീക്ഷിച്ചു.
