അതേസമയം, നറുക്കെടുപ്പില്ലാതെ ഹജ് തീർഥാടനത്തിന് അവസരം ലഭിക്കുന്ന മുൻഗണനാ വിഭാഗങ്ങളിലെ അപേക്ഷകരിൽ കേരളമാണ് മുന്നിൽ. ഈ വിഭാഗത്തിൽ അപേക്ഷിച്ച എല്ലാവർക്കും യാത്രാവസരവും ലഭിച്ചിട്ടുണ്ട്.
65 വയസ്സ് കഴിഞ്ഞവരുടെ വിഭാഗത്തിൽ 3,234 പേരും, മെഹ്റം അഥവാ ആൺതുണ ഇല്ലാത്ത 65 വയസ്സ് കഴിഞ്ഞ വിഭാഗത്തിൽ 838 പേരും, മെഹ്റം ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ വിഭാഗത്തിൽ 2,932 പേരും അപേക്ഷിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ തവണ അവസരം ലഭിക്കാത്ത 1,171 പേരുമുണ്ടായിരുന്നു. ഈ മുൻഗണനാ വിഭാഗങ്ങൾ ഒഴിച്ചാൽ, ജനറൽ ക്വോട്ടയിൽ അപേക്ഷിച്ച 2,964 പേർക്കാണ് ഇന്നലെ നടന്ന നറുക്കെടുപ്പിൽ അവസരം ലഭിച്ചത്. ഇരുപത് ദിവസം കൊണ്ട് ഹജ് കർമങ്ങൾ പൂർത്തിയാക്കി മടങ്ങാനുള്ള ഹ്രസ്വ പാക്കേജിലേക്കുള്ള തിരഞ്ഞെടുപ്പ് പിന്നീട് നടക്കുന്നതായിരിക്കും.
തിരഞ്ഞെടുക്കപ്പെട്ടവർ ഓഗസ്റ്റ് 10-നു മുൻപായി 1,52,300 രൂപ അഡ്വാൻസ് തുക അടയ്ക്കേണ്ടതാണ്. hajcommittee.gov.in വെബ്‌സൈറ്റ് വഴിയോ, ഹജ് സുവിധ ആപ് മുഖേനയോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ബ്രാഞ്ചുകൾ വഴിയോ തുക അടയ്ക്കാവുന്നതാണ്.
ഹജ് കമ്മിറ്റി മുഖേനയുള്ള രാജ്യത്തെ മൊത്തം ഹജ് അപേക്ഷകരുടെ എണ്ണത്തിൽ ഇത്തവണ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 1,94,616 അപേക്ഷകരുണ്ടായിരുന്ന സ്ഥാനത്ത് ഇത്തവണ അത് 1,98,879 ആയി ഉയർന്നു.