ഐസ്‌ക്രീമിൽ വി-ഷം കലർത്തി 16-കാരിയെ കൊ-ലപ്പെടുത്തി; ലക്ഷ്യം കുടുംബസ്വത്ത്, സഹോദരൻ അറസ്റ്റിൽ

വെള്ളരിക്കുണ്ട്: കുടുംബസ്വത്ത് സ്വന്തമാക്കാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തി മാതാപിതാക്കൾക്കും സഹോദരിക്കും നൽകിയ സംഭവത്തിൽ 16-കാരി മരിച്ചു. സംഭവത്തിൽ മരിച്ച പെൺകുട്ടിയുടെ ജ്യേഷ്ഠനായ ആൽബിൻ ബെന്നി (22)യെ പോലീസ് അറസ്റ്റ് ചെയ്തു.
മരിച്ചത് ആൻ മേരി (16)യാണ്. കുടുംബത്തിന്റെ അധീനതയിലുള്ള ഏകദേശം നാലര ഏക്കർ വിലപിടിപ്പുള്ള ഭൂമി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ

 മാതാപിതാക്കളും സഹോദരിയും മരിച്ചാൽ സ്വത്ത് മുഴുവൻ തനിക്ക് ലഭിക്കുമെന്നും അത് വിറ്റ് കടബാധ്യതകൾ തീർത്ത് ആഡംബര ജീവിതം നയിക്കാമെന്നുമാണ് പ്രതി കണക്കുകൂട്ടിയിരുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു.
ആസൂത്രണത്തിന്റെ ഭാഗമായി വിപണിയിൽ നിന്ന് എലിവിഷം വാങ്ങിയ പ്രതി, വീട്ടിൽ തയ്യാറാക്കിയ ഐസ്‌ക്രീമിൽ വിഷം കലർത്തി മാതാപിതാക്കളായ ബെന്നിക്കും ബെസ്സിക്കും സഹോദരി ആൻ മേരിക്കും നൽകുകയായിരുന്നു. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ മൂന്നുപേർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും നില ഗുരുതരമാകുകയും ചെയ്തു

 ചികിത്സയ്ക്കിടെ ആൻ മേരി മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മാതാപിതാക്കൾ ചികിത്സയിലൂടെ രക്ഷപ്പെട്ടു.
മരണത്തിൽ സംശയം തോന്നാതിരിക്കാൻ ആൻ മേരി മഞ്ഞപ്പിത്തം ബാധിച്ചാണ് മരിച്ചതെന്ന് പ്രതി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാൻ ശ്രമിച്ചതായും, ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം നാട്ടുവൈദ്യന്മാരെ സമീപിച്ച് മരണം സ്വാഭാവികമാക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
എന്നാൽ മരണത്തിൽ സംശയം തോന്നിയ പോലീസും ഡോക്ടർമാരും പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചു. ഫോറൻസിക് പരിശോധനയിൽ ശരീരത്തിൽ എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലിൽ വലിയ കടബാധ്യതകൾ തീർക്കുന്നതിനായാണ് കൃത്യം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്