കീവ്: യുക്രെയ്ൻ നഗരമായ ഒഡേസയുടെ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളിയടക്കം 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി. ഗിനിയബിസാവു പതാകയേന്തിയ 'ഗോൾഡൻ ലിയോ' എന്ന ചരക്ക് കപ്പലിന് നേരെയാണ് റഷ്യൻ ക്രൂസ് മിസൈൽ ആക്രമണമുണ്ടായത്. ഭക്ഷ്യധാന്യങ്ങൾ നിറച്ച് സഞ്ചരിച്ചിരുന്ന കപ്പലിൽ പ്രധാനമായും ഇന്ത്യൻ, സിറിയൻ നാവികരാണ് ഉണ്ടായിരുന്നത്. ആക്രമണ സമയത്ത് കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരിൽ എട്ട് പേരെ യുക്രെയ്ൻ സേന രക്ഷപ്പെടുത്തി.
കൊല്ലപ്പെട്ടവരിൽ കപ്പലിന്റെ ഗൈഡായി പ്രവർത്തിച്ചിരുന്ന യുക്രെയ്ൻ സ്വദേശിയായ പൈലറ്റും ഉൾപ്പെടുന്നു. പത്തൊൻപതാം വയസ്സിൽ മർച്ചന്റ് നേവിയിൽ ജോലിയിൽ പ്രവേശിച്ച അഖിൽ ജോയൻ, വെള്ളരിക്കുണ്ട് ജോയൽ സാലി ദമ്പതികളുടെ മകനാണ്. കരിങ്കടൽ മേഖലയിൽ സിവിലിയൻ കപ്പലുകളെ ലക്ഷ്യമിട്ട് റഷ്യ ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്.