തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (fssai) നോട്ടീസ്.

തെറ്റായ അവകാശവാദങ്ങളുന്നയിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍ ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (fssai) നോട്ടീസ്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ആരോഗ്യ അവകാശവാദങ്ങള്‍, ബ്രാന്‍ഡ് പേരുകള്‍, പാക്കേജിലെ വിവരങ്ങള്‍ എന്നിവ നല്‍കിയതിനാണ് നോട്ടീസ്.
 
ഫെറേറോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന കിന്‍ഡര്‍ ജോയ് കോട്ടഡ് വേഫര്‍ ബിസ്‌കറ്റില്‍ കവറിന് പുറത്ത് 'മില്‍ക്ക് സോളിഡുകളാല്‍ സമ്പന്നം' എന്ന് എഴുതിയിട്ടുണ്ട്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉല്‍പ്പന്നത്തിന്റെ ഘടകങ്ങളില്‍ അവകാശപ്പെടുന്നതുപോലെ മില്‍ക്ക് സോളിഡുകള്‍ ഇല്ലെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു.

മാരികോ ലിമിറ്റഡിന്റെ സഫോല ടോട്ടല്‍ ഹാര്‍ട്ട് പ്രൊ-മള്‍ട്ടി സോഴ്‌സ് കുക്കിങ് ഓയിലിനും നോട്ടീസുണ്ട്. 'ഹാര്‍ട്ട് പ്രൊ' എന്ന അവകാശവാദവും കവറിന് പുറത്തെ ചിത്രവും ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കളിലുണ്ടാക്കുമെന്ന് എഫ്എസ്എസ്എഐ പറയുന്നു. 'ഗുഡ് ഫാറ്റ് ബാലന്‍സ്' എന്ന് കവറിന് പുറത്ത് എഴുതിയത് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.

മെഡിസെന്‍ ലാബ്‌സ് വിപണിയിലെത്തിക്കുന്ന അസ്-ഇറ്റ്-ഈസ് ആറ്റം പിഡബ്ല്യുആര്‍ വേ പ്രോട്ടീനും നോട്ടീസ് നല്‍കി. പാക്കേജിന് പുറത്തെ 'ശുദ്ധവും ആരോഗ്യകരവും', '100 ശതമാനം ആധികാരികം' എന്നീ അവകാശവാദങ്ങള്‍ നിലവിലെ നിയന്ത്രണങ്ങള്‍ക്ക് അനുസൃതമല്ല. 

മേല്‍പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ക്കൊന്നും ഗുണനിലവാര പ്രശ്‌നമോ മറ്റോ കണ്ടെത്തിയിട്ടില്ല. ഇവയുടെ ലേബലിലെയും പരസ്യങ്ങളിലെയും അവകാശവാദങ്ങള്‍ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് എഫ്എസ്എസ്എഐ ചെയ്തിരിക്കുന്നത്. നോട്ടീസുകള്‍ ലഭിക്കുന്ന കമ്പനികള്‍ സാധാരണയായി വിശദീകരണങ്ങളും അനുബന്ധ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്.
#news #kinderjoy #FSSAI