ഡിജിറ്റല്‍ ഇന്ത്യയുടെ വളർച്ചയോടൊപ്പം രാജ്യത്തെ പണമിടപാടുകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ച സംവിധാനമാണ് യുപിഐ (UPI).
കടകളിലെ ചെറിയ വാങ്ങലുകള്‍ മുതല്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ വരെ ഇന്ന് ഭൂരിഭാഗം ആളുകളും യുപിഐയെ ആശ്രയിച്ചാണ് നടത്തുന്നത്. എന്നാല്‍ പണം അയക്കുന്നതിനിടെ ഒരു അക്കൗണ്ട് നമ്പറോ മൊബൈല്‍ നമ്പറോ തെറ്റിപ്പോയി മറ്റൊരാളുടെ അക്കൗണ്ടിലേക്ക് തുക എത്തിയാല്‍ എന്തുചെയ്യും? നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമോ എന്ന ആശങ്ക പലർക്കുമുണ്ട്.
യുപിഐ വഴി അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പണം അയച്ചാല്‍ ആദ്യം ചെയ്യേണ്ടത് ആ അക്കൗണ്ട് ഉടമയെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. പണം തെറ്റായി ലഭിച്ചതാണെന്ന് അറിയിച്ച് തുക തിരികെ നല്‍കണമെന്ന് അഭ്യർഥിക്കാം. പലപ്പോഴും ഈ മാർഗത്തിലൂടെ തന്നെ പ്രശ്നം പരിഹരിക്കപ്പെടാറുണ്ട്.
എന്നാല്‍ പണം ലഭിച്ച വ്യക്തി തുക മടക്കി നല്‍കാൻ തയ്യാറാകുന്നില്ലെങ്കില്‍, ഉപയോഗിച്ച യുപിഐ ആപ്പിലൂടെയോ ബന്ധപ്പെട്ട ബാങ്കിലൂടെയോ പരാതി നല്‍കണം. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ ആപ്പുകളില്‍ ട്രാൻസാക്ഷൻ റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യമുണ്ട്. പരാതി നല്‍കുമ്പോള്‍ ഇടപാടിന്റെ സ്‌ക്രീൻഷോട്ട്, ട്രാൻസാക്ഷൻ ഐഡി, യുടിആർ (UTR) നമ്പർ, അയച്ച തുക, സമയം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈവശം സൂക്ഷിക്കേണ്ടത് നിർണായകമാണ്.
ചില സാഹചര്യങ്ങളില്‍ ട്രാൻസാക്ഷൻ റിവേഴ്സ് ചെയ്യാൻ കഴിയുന്നുണ്ടെങ്കില്‍, യുപിഐ സേവനദാതാക്കള്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിനാല്‍ കസ്റ്റമർ കെയറുമായി ഉടൻ ബന്ധപ്പെടുന്നതും പരാതി രജിസ്റ്റർ ചെയ്യുന്നതും വൈകിക്കരുത്.
പ്രധാന യുപിഐ കസ്റ്റമർ കെയർ നമ്പറുകള്‍:
• ഗൂഗിള്‍ പേ - 1800 419 0157
• ഫോണ്‍ പേ - 080 6872 7374
• പേടിഎം - 0120 4456 456
യുപിഐ ആപ്പിലൂടെയോ ബാങ്കിലൂടെയോ പരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ നാഷണല്‍ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യെ സമീപിക്കാം. 1800 120 1740 എന്ന ഹെല്‍പ്‌ലൈൻ നമ്പറില്‍ ബന്ധപ്പെട്ട് ഇടപാടിന്റെ വിശദാംശങ്ങള്‍ നല്‍കാം. പരാതി പരിശോധിച്ച ശേഷം അബദ്ധത്തില്‍ നടന്ന ഇടപാടാണെന്ന് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, ബന്ധപ്പെട്ട ബാങ്കുകളുമായി സഹകരിച്ച് പണം തിരിച്ചുകിട്ടുന്നതിനുള്ള നടപടികള്‍ എൻപിസിഐ സ്വീകരിക്കും.
