കണക്ഷൻ നൽകാൻ അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചാത്തന്നൂരിൽ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ

കൊല്ലം ചാത്തന്നൂർ..കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി സബ് ഡിവിഷൻ എഞ്ചിനീയർ വിജിലൻസിന്റെ പിടിയിൽ. തഴുത്തല സ്വദേശി നസീറിനെയാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ചാത്തന്നൂരിൽ വെച്ച് പിടികൂടിയത്.
ഒരു യുവ സംരംഭകൻ തന്റെ പുതിയ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷൻ ആവശ്യപ്പെട്ട് ആറുമാസം മുമ്പ് കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, അസിസ്റ്റന്റ് എഞ്ചിനീയറായ നസീർ രണ്ടുതവണ കെട്ടിടത്തിൽ എത്തി പരിശോധന നടത്തിയെങ്കിലും കണക്ഷൻ അനുവദിച്ച് നൽകാൻ തയ്യാറായില്ല. തുടർന്ന് 'നടപടിക്രമങ്ങൾ അറിയില്ലേ?' എന്ന് ചോദിച്ച് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടതായി യുവാവ് വിജിലൻസിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഓഫീസിൽ വെച്ച് കൈക്കൂലി പണം വാങ്ങുന്നതിനിടെ നസീറിനെ വിജിലൻസ് പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് അധികൃതർ വ്യക്തമാക്കി.