അംഗത്വം പുതുക്കി നൽകിയില്ല; എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ ബി ഗണേഷ് കുമാർ പുറത്ത്

കോട്ടയം: മുൻ മന്ത്രി കെ ബി ഗണേഷ്കുമാർ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്ത്. കാലാവധി കഴിഞ്ഞത്തോടെയാണ് ഗണേഷ്‌ കുമാറിനെ പുറത്താക്കിയത്. അംഗത്വം പുതുക്കി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടും എൻഎസ്എസ് പുതുക്കി നൽകിയില്ല. ഗണേഷിനൊപ്പം കാലാവധി കഴിഞ്ഞ മറ്റ് എട്ട് പേർക്കും അംഗത്വം പുതുക്കി നൽകി. മുമ്പ് ഗണേഷ് അധ്യക്ഷനായിരുന്ന പത്തനാപുരം താലൂക്ക് യൂണിയൻ പിരിച്ചുവിട്ടിരുന്നു. എന്‍എസ്‌എസിനൊപ്പം തന്നെ തുടരുമെന്നും സ്ഥാനമാനങ്ങൾ ആഗ്രഹിച്ചിട്ടില്ലെന്നും കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനാപുരത്തെ താലൂക്ക് യൂണിയൻ പിരിച്ചു വിട്ടതിൽ അടക്കം ജനാധിപത്യവിരുദ്ധ തീരുമാനങ്ങൾ എൻഎസ്എസിൽ ഉണ്ടാവുനാണെന്നാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. എന്നാൽ പത്തനാപുരത്ത് ചട്ടവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ ഗണേഷ് കുമാർ കേസ് കൊടുക്കട്ടെ എന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തിരിച്ചടിച്ചു.
എംഎൽഎ ആയിരിക്കുമ്പോഴും മന്ത്രിയായിരിക്കുമ്പോഴും എൻഎസ്എസ് നേതൃനിരയുടെ മുഖമായിരുന്ന കെ ബി ഗണേഷ് കുമാർ ഒടുവിൽ സമുദായത്തിന്റെ പരമോന്നത സമിതിയിൽ നിന്ന് പുറത്ത്. ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും ഗണേഷ്‌കുമാറും അടക്കം 9 ഡയറക്ടർ ബോർഡ് അംഗങ്ങളുടെ കാലാവധിയാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്. ഇതിൽ ഗണേഷ് കുമാർ ഒഴികെ എട്ടുപേർക്കും അംഗത്വം പുതുക്കി നൽകി. കുന്നത്തൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ആർ കെ ബാബുവിനെയാണ് ഗണേഷ് കുമാറിനു പകരം ഡയറക്ടർ ബോർഡിൽ എടുത്തത്.

കഴിഞ്ഞ കുറെ നാളുകളായി എൻഎസ്എസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ് ഗണേഷ് കുമാർ. പത്തനാപുരത്തെ പത്മകഫെ നിർമ്മാണത്തിലെ അഴിമതി ആരോപണവും ഇതിനെ തുടർന്ന് താലൂക്ക് യൂണിയൻ അംഗങ്ങൾ ഭൂരിഭാഗം രാജിവച്ചതും പിന്നീട് ഉണ്ടായ വിവാദങ്ങളും ഗണേഷ് കുമാറിനെ എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്ന് അകറ്റിയിരുന്നു. പല തവണ ഗണേശ്കുമാർ സുകുമാരൻ നായരുമായി അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെ ആണിപ്പോൾ ഡയറക്ടർ ബോർഡ്‌ സ്ഥാനം കൂടി തെറിച്ചത്. ഡയറക്ടർ ബോർഡ്‌ സ്ഥാനത്ത് നിന്ന് നീക്കിയതിൽ പരാതി ഇല്ലെന്ന് പറയുന്ന ഗണേഷ്കുമാർ പക്ഷെ എൻഎസ്എസ് നേതൃത്വത്തിന് രൂക്ഷമായി വിമർശിക്കുകയാണ്. സംഘടനയ്ക്ക് ജനാധിപത്യ സ്വഭാവം നഷ്ടപ്പെട്ടു. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ സ്ഥാനം നഷ്ടപ്പെട്ടതിലാണ് ഗണേഷ് കുമാറിന് അമർഷം. ഏകാധിപത്യപരമായ നിലപാടാണ് പത്തനാപുരത്തെ കാര്യത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ചതെന്നാണ് ഗണേഷിന്റെ പരാതി. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയുമായി എസ്എസ്എസ് ആസ്ഥാനത്ത് എത്തിയിട്ട് പരിഗണിച്ചില്ലെന്ന് ഗണേഷ് കുമാർ പറയുന്നു. ഗണേഷ്കുമാറിന്റെ എല്ലാ ആരോപണങ്ങളെയും സുകുമാരൻ നായർ കടുത്ത ഭാഷയിൽ തള്ളി.
ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും എടുത്തില്ലെന്നുമാണ് സുകുമാരൻ നായർ വിശദീകരിക്കുന്നത്. എൻഎസ്എസിന് ജനാധിപത്യം ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എൻഎസ്എസിൽ അർഹതയുള്ള ഒരുപാട് പേരുണ്ട്. എല്ലാവർക്കും മാറി മാറി കൊടുക്കേണ്ടിവരും. കിട്ടാതിരിക്കുന്ന ആളുകൾക്കും കൊടുക്കേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയനിൽ എന്തെങ്കിലും ക്രമവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ അദ്ദേഹം കേസ് കൊടുക്കട്ടെയെന്നും സുകുമാരൻ നായർ കൂട്ടിച്ചേര്‍ത്തു..


ഇന്ന് തെരെഞ്ഞെടുത്ത NSS ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ

1. ജി സുകുമാരൻ നായർ

2. എൻ വി അയ്യപ്പൻ പിള്ള 

3. ചിതറ എസ് രാധാകൃഷ്ണൻ നായർ 

4. ബി എ ബാബുരാജ് 

5. ജി തങ്കപ്പൻ പിള്ള 

6. പി എൻ സുകുമാര പണിക്കർ 

7. കെ ശ്രീകുമാർ 

8. ആർ മോഹൻ കുമാർ 

9. വി ആർ കെ ബാബു

ഗണേഷ് കുമാറിന് പകരം വി ആർകെ ബാബുവിനെയാണ് തെരഞ്ഞെടുത്തത്. ബാക്കി എട്ടുപേർക്കും അംഗത്വം പുതുക്കി നൽകുകയായിരുന്നു.