സെഞ്ചുറിയുമായി ജയ്സ്വാള്‍, ഹിറ്റ്‌മാൻ ഷോ; മൂന്നാം ഏകദിനത്തിലും അഫ്ഗാനെ അടിച്ചൊതുക്കി പരമ്പര തൂത്തുവാരി ഇന്ത്യ

ചെന്നൈ: അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഏകദിന പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 219 റണ്‍സിന്‍റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 28.4 ഓവറില്‍ അടിച്ചെടുത്തു. 86 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുട ടോപ് സ്കോറര്‍. രോഹിത ശര്‍മ 69 പന്തില്‍ 79 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 19 പന്തില്‍ 20 റണ്‍സുമായി വിജയത്തില്‍ ജയ്സ്വാളിന് കൂട്ടായി. സ്കോര്‍ അഫ്ഗാനിസ്ഥാന്‍ 44.2 ഓവറില്‍ 218ന് ഓള്‍ ഔട്ട്, ഇന്ത്യ 28.4 ഓവറില്‍ 224-1.

അഫ്ഗാന്‍ ഉയര്‍ത്തിയ 219 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിത്തും ജയ്സ്വാളും കരുതലോടെയാണ് തുടങ്ങിയത്. തുടക്കത്തില്‍ പിച്ചില്‍ നിന്ന് ലഭിച്ച ആനുകൂല്യം മുതലെടുത്ത് അഫ്ഗാന്‍ പേസര്‍മാര്‍ രോഹിത്തിനെ വെള്ളം കുടിപ്പിച്ചു. 10 റണ്‍സില്‍ നില്‍ക്കെ രോഹിത് നല്‍കിയ അവസരം അഫ്ഗാന്‍ കൈവിട്ടു. എന്നാല്‍ നിലയുറപ്പിച്ചതോടെ തകര്‍ത്തടിച്ച രോഹിത്തും ജയ്സ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 22.5 ഓവറില്‍ 170 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് വേര്‍പിരിഞ്ഞത്.
69 പന്തില്‍ 79 റണ്‍സെടുത്ത രോഹിത് 3 സിക്സും 9 ഫോറും പറത്തി. മൂന്നാം നമ്പറില്‍ ക്രീസിലിറങ്ങിയ ശ്രേയസും ജയ്സ്വാളും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കി. മുഹമ്മദ് നബിയെ സിക്സ് അടിച്ച് 83 പന്തില്‍ തന്‍റെ രണ്ടാം ഏകദിന സെഞ്ചുറി നേടിയ ജയ്സ്വാള്‍ പിന്നാലെ ഫോറും സിക്സും പറത്തി ഇന്ത്യയെ വിജയവര കടത്തി. 14 ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ജയ്സ്വാളിന്‍റെ ഇന്നിംഗ്സ്. ജയത്തോടെ 2025 ജനുവരിക്ക് ശേഷം ആദ്യമായാണ് ഒരു ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുന്നത്. 2025ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇന്ത്യ അവസാനമായി ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 44.2 ഓവറില്‍ 218 റണ്‍സിന് ഓള്‍ ഔട്ടായി. സെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റൻ ഹസ്മത്തുള്ള ഷാഹിദിയാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. 126 പന്തില്‍ തന്‍റെ ആദ്യ ഏകദിന സെഞ്ചുറി കുറിച്ച ഷാഹിദി 130 പന്തില്‍ 102 റണ്‍സെടുത്തപ്പോള്‍ അസ്മത്തുള്ള ഒമര്‍സായി 56 പന്തില്‍ 50 റണ്‍സടിച്ച് മികച്ച പിന്തുണ നല്‍കി. 21 റണ്‍സെടുത്ത മുഹമ്മദ് നബിയും 11 റണ്‍സെടുത്ത ഇബ്രാഹിം സര്‍ദ്രാനും മാത്രമാണ് പിന്നീട് അഫ്ഗാനിസ്ഥാൻ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ 8.2 ഓവറില്‍ 23 റണ്‍സിന് 5 വിക്കറ്റെടുത്തു. അഫ്ഗാന്‍ നായകന്‍ പിച്ചിലെ അപകടമേഖലയിലൂടെ ഓടിയതിന് 5 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നതിനാല്‍ ബാറ്റിംഗിനിറങ്ങും മുമ്പെ ഇന്ത്യൻ സ്കോര്‍ ബോര്‍ഡിൽ 5 റണ്‍സ് എത്തിയിരുന്നു.