ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഹെയ്തിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കില്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു

ലോകകപ്പ് ഗ്രൂപ്പ് സിയില്‍ ഹെയ്തിക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കില്ലെന്ന് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. മത്സരത്തിനായി ടീമിനൊപ്പം ഫിലാഡല്‍ഫിയയിലേക്ക് താരം യാത്ര ചെയ്‌തേക്കില്ല. പരിക്കില്‍ നിന്നുള്ള പൂര്‍ണ്ണ മുക്തിക്കായി നെയ്മര്‍ ന്യൂജേഴ്സിയില്‍ തന്നെ തുടരും. റെഡ് ബുള്‍ ന്യൂയോര്‍ക്കിന്റെ കൊളംബിയ പാര്‍ക്ക് ട്രെയിനിംഗ് സെന്ററിലെയും ദി റിഡ്ജ് ഹോട്ടലിലെയും അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് താരം നിലവില്‍ പരിശീലനിക്കുന്നത്.

കഴിഞ്ഞ മെയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടെയാണ് നെയ്മറുടെ വലത് കാലിലെ പേശിക്ക് പരിക്കേറ്റത്. ഒരു മാസത്തോളമായി താരം കളിക്കളത്തിന് പുറത്താണുള്ളത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായ സ്‌കോട്ട്ലന്‍ഡിനെതിരെയുള്ള കളിയിലും നെയ്മര്‍ക്ക് വിശ്രമം അനുവദിച്ചേക്കും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് നോക്കൗട്ട് റൗണ്ട് ആകുമ്പോഴേക്കും താരത്തെ പൂര്‍ണ്ണ ഫിറ്റ്നസോടെ ടീമില്‍ തിരിച്ചെത്തിക്കാനാണ് ബ്രസീലിയന്‍ മെഡിക്കല്‍ സംഘത്തിന്റെ ശ്രമം.

ബ്രസീല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി നെയ്മറുടെ തിരിച്ചുവരവിനെക്കുറിച്ച് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു: 'നെയ്മര്‍ എത്രയും വേഗം സുഖം പ്രാപിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അടുത്ത ആഴ്ചയോടെ അവന്‍ ടീമിനൊപ്പം ചേരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അവന്റെ മികച്ച കളിശൈലിക്ക് പുറമെ, ടീമിലെ യുവതാരങ്ങള്‍ക്ക് പ്രചോദനമാകാന്‍ അവന്റെ സാന്നിധ്യത്തിനും പരിചയസമ്പത്തിനും സാധിക്കും.'
മൊറോക്കോയ്ക്കെതിരായ ബ്രസീലിന്റെ ആദ്യ മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചിരുന്നു. തുടര്‍വിജയങ്ങള്‍ ലക്ഷ്യമിടുന്ന ബ്രസീലിന് നെയ്മറുടെ തിരിച്ചുവരവ് ഏറെ നിര്‍ണായകമാണ്.

#brazil #neymar #FIFAWorldCup2026