മലപ്പുറം തേഞ്ഞിപ്പാലത്ത് ദേശീയപാത 66ൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു.

മലപ്പുറം തേഞ്ഞിപ്പാലത്ത് ദേശീയപാത 66ൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. തൃശൂർ സ്വദേശികളായ ഷഹീദ്, ഭാര്യ ഷഹീന, ബന്ധു ജഹാന എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കനത്ത മഴയ്ക്കിടെയായിരുന്നു അപകടം. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

കനത്ത മഴ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. വാഹനത്തിൽ കുടുങ്ങിയിരുന്നവരെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.