പെട്രോൾ വാങ്ങിയത് സോന.. റിജിനെ കുടുക്കാനായിരുന്നു ഉദ്ദേശം? ; നിർണ്ണായക cctv ദൃശ്യങ്ങൾ പുറത്ത്

പേരാമ്പ്രയിലെ നാടിനെ നടുക്കിയ കാർ തീപിടുത്തത്തിൽ നിർണായക വഴിത്തിരിവ്. ഗർഭിണിയായ സോന ദാരുണമായി കൊല്ലപ്പെട്ട ആ ദുരന്തം കേവലമൊരു വാഹന അപകടമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമുള്ള സംശയങ്ങൾ ബലപ്പെടുത്തുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഭവദിവസം ഒരു പെട്രോൾ പമ്പിൽ നിന്നും സോന എന്ന് സംശയിക്കുന്ന യുവതി ഒരു കന്നാസിൽ ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഈ തെളിവുകൾ കേസിന്റെ ഗതി തന്നെ മാറ്റുകയാണ്. 

അന്ന് ആ കാറിനുള്ളിൽ നടന്നതെന്താണെന്നുള്ള ചുരുളഴിക്കാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ തന്നെ തീ പടർന്നത് കാറിന്റെ എൻജിനിൽ നിന്നല്ലെന്നും വാഹനത്തിന് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ലെന്നും വ്യക്തമായിരുന്നു. ഇതോടെയാണ് മരണത്തിൽ ദുരൂഹത വർദ്ധിച്ചത്. ഭർത്താവ് രജിൻ ലാലും സോനയും തമ്മിൽ ചില കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. 

അപകടം നടക്കുന്ന ദിവസം ഒരു ബന്ധുവിന്റെ വീട്ടിലായിരുന്ന സോനയെ വൈകുന്നേരത്തോടെ രജിൻ ലാൽ വന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് ഈ തീപിടുത്തം ഉണ്ടായത്. കാറിൽ പെട്രോൾ കരുതിയിരുന്നു എന്ന സൂചന അന്വേഷണ സംഘത്തിന് ആദ്യമേ ലഭിച്ചിരുന്നു. ആ ദിവസം സോന പുറത്തുപോയ സമയങ്ങളിൽ എന്തൊക്കെ ചെയ്തു എന്നതിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലുള്ള റജിൻ ലാൽ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.

യാത്രയിൽ കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നതെന്നും, വണ്ടിയിൽ പെട്രോളിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടപ്പോൾ അതെന്താണെന്ന് താൻ ചോദിക്കുന്നതിനിടയിൽ തന്നെ പെട്ടെന്ന് തീ പടർന്നു പിടിക്കുകയായിരുന്നുവെന്നുമാണ് രജിൻ ലാൽ നൽകിയ മൊഴി. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും രജിൻ ലാലിന്റെ മൊഴിയും വിശദമായി പരിശോധിച്ച്, ഈ ദാരുണ സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാനുള്ള സമഗ്രമായ അന്വേഷണത്തിലാണ് പൊലീസ്.