മാതാപിതാക്കള്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കില്‍ മക്കള്‍ക്കെന്തിനാണ് സംവരണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: മാതാപിതാക്കള്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെങ്കില്‍ അവര്‍ എന്തിനാണ് സംവരണത്തിന്റെ ആനുകൂല്യം ആവശ്യപ്പെടുന്നതെന്ന് സുപ്രീം കോടതി. പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയര്‍ വിഭാഗത്തിലുള്ളവരുടെ സംവരണാനുകൂല്യങ്ങളെക്കുറിച്ചുള്ള ഒരു കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. രണ്ട് രക്ഷിതാക്കളും ഐഎഎസ് ഉദ്യോഗസ്ഥരായവരുടെ കുട്ടികള്‍ക്ക് സംവരണം ആവശ്യമുണ്ടോയെന്നും സുപ്രീം കോടതി ചോദിച്ചു.

വിദ്യാഭ്യാസപരമായും സാമ്പത്തികമായും മുന്നേറിയ കുടുംബങ്ങള്‍ ഇപ്പോഴും ക്വാട്ടാ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുന്നതിനെ സുപ്രീം കോടതി ചോദ്യം ചെയ്തു. ഇത്തരം മുന്നാക്ക വിഭാഗങ്ങളെ സംവരണാനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള നിരവധി സര്‍ക്കാര്‍ ഉത്തരവുകള്‍ നിലവിലുണ്ടെന്നും എന്നാല്‍ ഈ ഒഴിവാക്കലുകള്‍ ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

വിദ്യാഭ്യാസപരവും സാമ്പത്തികവുമായ ശാക്തീകരണത്തിലൂടെ സാമൂഹികമായ പുരോഗതി ഉണ്ടാകുന്നുണ്ട്. അതിനുശേഷവും വീണ്ടും കുട്ടികള്‍ക്കായി സംവരണം ആവശ്യപ്പെടുകയാണെങ്കില്‍, നമുക്ക് ഒരിക്കലും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല. അതും നമ്മള്‍ പരിഗണിക്കേണ്ട ഒരു കാര്യമാണ്. ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായപ്പെട്ടു. മാതാപിതാക്കള്‍ നല്ല ജോലിയുള്ളവരും നല്ല വരുമാനം ലഭിക്കുന്നവരുമായിട്ടും. അവരുടെ കുട്ടികള്‍ വീണ്ടും സംവരണം ആവശ്യപ്പെടുന്നു. അവര്‍ സംവരണ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്.