.രാജ്യത്തെ പാചകവാതക വിതരണ സംവിധാനത്തിൽ മെയ് ഒന്നുമുതൽ അടിമുടി മാറ്റങ്ങൾ വരുന്നു. ഗ്യാസ് സിലിണ്ടറുകളുടെ ബുക്കിങ് മുതൽ വിതരണം വരെയുള്ള കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കാനും ദുരുപയോഗം തടയാനുമാണ് കേന്ദ്ര സർക്കാർ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. നിർബന്ധിത ഒടിപി (OTP) അധിഷ്ഠിത ഡെലിവറി, ഇകെവൈസി (e-KYC), ബുക്കിങ് ഇടവേളകളിലെ മാറ്റം എന്നിവയാണ് പ്രധാന പരിഷ്കാരങ്ങൾ.
പുതിയ നിയമപ്രകാരം സിലിണ്ടർ വിതരണം ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾ ഏജന്റിന് ഒടിപി നൽകേണ്ടി വരും. സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഈ ഒറ്റത്തവണ പാസ്‌വേഡ് നൽകിയാൽ മാത്രമേ സിലിണ്ടർ കൈമാറുകയുള്ളൂ. സിലിണ്ടറുകൾ കൃത്യമായ വ്യക്തിക്ക് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കറുത്ത ചന്തയിലെ മറിച്ചുവിൽപന തടയാനും ഇതിലൂടെ സാധിക്കും.
എൽപിജി സേവനങ്ങളും സബ്‌സിഡികളും തടസ്സമില്ലാതെ ലഭിക്കുന്നതിന് ആധാർ അധിഷ്ഠിത ഇകെവൈസി പൂർത്തിയാക്കൽ നിർബന്ധമാക്കി. ഉപഭോക്താക്കൾ അതാത് ഗ്യാസ് ഏജൻസികളുമായി ബന്ധപ്പെട്ട് ബയോമെട്രിക് വിവരങ്ങൾ പുതുക്കി ഇകെവൈസി നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ഇത് ചെയ്യാത്തവർക്ക് ഭാവിയിൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും സബ്‌സിഡി ലഭിക്കുന്നതിനും തടസ്സമുണ്ടായേക്കാം.
രണ്ട് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള സമയപരിധിയിൽ മാറ്റം വരുമെന്നാണ് സൂചനകൾ. വിതരണത്തിലെ കൃത്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി നഗരപ്രദേശങ്ങളിൽ ഏകദേശം 25 ദിവസത്തെയും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസത്തെയും ഇടവേള ബുക്കിങ്ങുകൾക്കിടയിൽ വന്നേക്കാം. അതിനാൽ ഉപഭോക്താക്കൾ പാചകവാതക ഉപയോഗം കൂടുതൽ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടി വരും. മെയ് ഒന്നുമുതൽ എൽപിജി വിലയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിലും രാജ്യം ഉറ്റുനോക്കുന്നുണ്ട്.
