രണ്ട് സമുദായനേതാക്കള്‍ നിരന്തരം സതീശെന കുറ്റപ്പെടുത്തുമ്പോള്‍ ജനഹൃദയങ്ങളില്‍ ഉയരുന്നത് സതീശന്റെ ഇമേജാണ്: സത്യന്‍ അന്തിക്കാട്

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ ചുമതലയേല്‍ക്കുന്നതിലുള്ള സന്തോഷം പങ്കുവെച്ച് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്റെ കള്‍ട്ട് ക്ലാസിക് സിനിമയായ 'സന്ദേശം' സതീശന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും സത്യന്‍ അന്തിക്കാട് ഫേസ്ബുക്ക് കുറിപ്പില്‍ വാചാലനായി.

സന്ദേശം സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരന്‍ എന്ന കഥാപാത്രം സിനിമയുടെ ഒടുവില്‍ കോടതിയിലേക്ക് പ്രാക്ടീസിനായി പോകുന്ന രംഗം കണ്ടതാണ് തന്റെ ജീവിതത്തിലും വഴിത്തിരിവായതെന്ന് സതീശന്‍ ഒരിക്കല്‍ വെളിപ്പെടുത്തിയ കാര്യം സത്യന്‍ അന്തിക്കാട് ഓര്‍മ്മിച്ചു.

'രാഷ്ട്രീയം ഒരു തൊഴിലാക്കി മാറ്റാതെ, സിനിമ കണ്ടതിന്റെ പിറ്റേദിവസം തന്നെ സതീശന്‍ ഒരു പ്രശസ്ത അഭിഭാഷകന്റെ ജൂനിയറായി ചേര്‍ന്നു. പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നപ്പോഴും ആ മൂല്യങ്ങള്‍ അദ്ദേഹം മുറുകെപ്പിടിച്ചു. 'രാഷ്ട്രീയം നല്ല ആളുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് നല്ലതാണ്' എന്ന തിലകന്‍ കഥാപാത്രത്തിന്റെ വാക്കുകള്‍ സതീശന് കൃത്യമായി ചേരും.' -സത്യന്‍ അന്തിക്കാട് കുറിച്ചു.

ആള്‍ക്കൂട്ടത്തിനിടയിലും തനിച്ചായിരിക്കാന്‍ കഴിയുന്ന വ്യക്തിത്വമാണ് സതീശന്റേതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. എത്ര തിരക്കിനിടയിലും ദിവസം നൂറ് പേജെങ്കിലും വായിക്കുന്ന സതീശന്റെ ശീലം അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവൃത്തിയിലും വ്യക്തമാണ്. മാറ്റം തിരിച്ചറിയുന്ന പുതിയ തലമുറയുടെ നേതാവാണ് സതീശനെന്നും, വിദ്യാര്‍ത്ഥികളും യുവാക്കളും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിച്ചതും അതുകൊണ്ടാണെന്നും കുറിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസില്‍ ഇന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ കാണുന്നത് സതീശനിലാണെന്ന് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. വര്‍ഗ്ഗീയതക്കെതിരെ മടിയില്ലാതെ സംസാരിക്കുന്ന കോണ്‍ഗ്രസുകാരനാണ് അദ്ദേഹം. സമുദായ നേതാക്കളുടെ വിമര്‍ശനങ്ങള്‍ സതീശന്റെ ജനപ്രീതി വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രമേശ് ചെന്നിത്തലയോട് വ്യക്തിപരമായി ഇഷ്ടമുണ്ടെങ്കിലും ഇന്നത്തെ കേരളത്തിന് വേണ്ടത് സതീശന്റെ നേതൃത്വമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സതീശന്റെ ഈ ഉയര്‍ച്ച കാണാന്‍ സുഹൃത്തും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ കൂടെയില്ലാത്തതിലെ വിഷമവും പങ്കുവെച്ചാണ് സത്യന്‍ അന്തിക്കാട് കുറിപ്പ് അവസാനിപ്പിച്ചത്.