*മധ്യതിരുവിതാംകൂറില്‍ കേരള കോണ്‍ഗ്രസ് എം നെ തൂത്തെറിഞ്ഞ് ജനം*

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഏറ്റവും കനത്ത രാഷ്ട്രീയ തിരിച്ചടി നേരിടുന്നത് ജോസ് കെ. മാണി നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസ് (എം) വിഭാഗമാണ്. പതിറ്റാണ്ടുകളോളം മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ ഗതിവിഗതികള്‍ നിയന്ത്രിച്ചിരുന്ന 'മാണി' ഗ്രൂപ്പിന്റെ അപ്രമാദിത്വം നഷ്ടമാകുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. മത്സരിച്ച 12 സീറ്റുകളിലും ലീഡ് നേടാനാകാതെ പാര്‍ട്ടി സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായില്‍ വീണ്ടും തോറ്റു. സിറ്റിങ് എം.എല്‍.എയും യൂ.ഡി.എഫ് സ്വതന്ത്രനുമായ മാണി സി കാപ്പന്‍ 2417 വോട്ടിനാണ് ജോസ് കെ മാണിയെ തോല്‍പിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയിലും, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് കാഞ്ഞിരപ്പള്ളിയിലും തിരിച്ചടി നേരിട്ടു.