ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം.

തിരുവനന്തപുരം: ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. 

മകന്റെ മരണം കുടുംബപ്രശ്നം മൂലമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് പിതാവ് പ്രദീപ്‌ ആരോപിച്ചു. കോളേജിൽ മകനെ മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കാത്തവനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞു പരത്തി. ആദിത്യന്റെ മുറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അധ്യാപകൻ സന്ദീപ് ഇതിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നു. അധ്യാപകൻ പറയുന്ന കുട്ടികളുടെ പേര് പറയണം എന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവമെന്നും പിതാവ് ആരോപിച്ചു.

ആദിത്യന് അപകടം പറ്റി എന്ന് മാത്രമേ കോളേജിൽ നിന്ന് അറിയിച്ചിട്ടുള്ളുവെന്ന് സഹോദരനും പ്രതികരിച്ചു. സന്ദീപ് പാണ്ടെ എന്ന അധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായി. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ് വച്ചു. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി വച്ചത് എന്താണ് സംഭവിച്ചത് എന്ന് പുറത്ത് പറയാതെ ഇരിക്കാനാണെന്നും സഹോദരൻ പറഞ്ഞു.

വിഷുവിന് ആദിത്യൻ വീട്ടിൽ വന്നിരുന്നു. കോളേജിൽ പ്രശ്നങ്ങൾ ഉള്ളതായി പറഞ്ഞിരുന്നില്ല. അധ്യാപകൻ മയക്കുമരുന്നിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നതായി ആദിത്യൻ അമ്മയോട് പറഞ്ഞിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കാണിച്ച് കൊടുക്കണമെന്ന് പറഞ്ഞ് അധ്യാപകൻ നിർബന്ധം പിടിച്ചിരുന്നു. ആദിത്യന്റെ മരണത്തിന് ശേഷം നിരവധി കുട്ടികൾ ഈ അധ്യാപകനെതിരെ മെസേജ് അയക്കുന്നുണ്ടെന്നും സഹോദരൻ പറഞ്ഞു. അതേസമയം, ആദിത്യന്റെ സംസ്കാരം ഇന്ന് നടക്കും.