സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വമ്പന്‍ വിജയം.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വമ്പന്‍ വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ യുവതാരം ആംഗ്രിഷ് രഘുവംശിയാണ് കൊല്‍ക്കത്തയുടെ വിജയശില്പി.

മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഫിന്‍ അലന്‍ (13 പന്തില്‍ 29) വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. നാലാം ഓവറില്‍ മാത്രം 27 റണ്‍സാണ് താരം അടിച്ചെടുത്തത്. അലന്‍ പുറത്തായ ശേഷം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയും (43) ആംഗ്രിഷ് രഘുവംശിയും ചേര്‍ന്ന് ഹൈദരാബാദ് ബൗളര്‍മാരെ നിലംപരിശാക്കി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നുണ്ടാക്കിയ മികച്ച കൂട്ടുകെട്ട് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കുകയായിരുന്നു. അവസാന ഘട്ടത്തില്‍ റിങ്കു സിംഗും (22*) കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് (28 പന്തില്‍ 61) തകര്‍പ്പന്‍ പ്രകടനമാണ് നടത്തി. ഒരു ഘട്ടത്തില്‍ ഏഴോവറില്‍ 84 റണ്‍സുമായി കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഹൈദരാബാദിനെ കൊല്‍ക്കത്തയുടെ സ്പിന്‍ ജോഡികളായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും ചേര്‍ന്ന് പിടിച്ചുകെട്ടാനും മറന്നില്ല. ഹെഡ് പുറത്തായതോടെ തകര്‍ന്നടിഞ്ഞ ഹൈദരാബാദ് 19 ഓവറില്‍ 165 റണ്‍സിന് എല്ലാവരും പുറത്തായി.