സിബിഎസ്ഇ സ്‌കൂളുകളില്‍ മൂന്ന് ഭാഷകളുടെ പഠനം നിര്‍ബന്ധമാക്കി; രണ്ടെണ്ണം ഇന്ത്യന്‍ ഭാഷ

ന്യൂഡൽഹി∙ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) സ്കൂളുകളിൽ ജൂലൈ 1 മുതൽ ഒൻപതാം ക്ലാസ് മുതലുള്ള വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാകും. തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളായിരിക്കണം.

എന്നാൽ, പത്താം ക്ലാസിൽ വിദ്യാർഥികൾ തിരഞ്ഞെടുക്കുന്ന മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കില്ല. ഈ ഭാഷയുടെ മൂല്യനിർണയം പൂർണമായും സ്കൂൾ തലത്തിലായിരിക്കും. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിദ്യാർഥികളിലെ അനാവശ്യ സമ്മർദം കുറയ്ക്കാനുമാണ് ഈ തീരുമാനമെന്ന് ബോർഡ് അറിയിച്ചു.

സിബിഎസ്ഇയുടെ പട്ടികയിലുള്ള ഏത് ഭാഷയും സ്കൂളുകൾക്കു തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം. രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ വിദേശ ഭാഷകൾ മൂന്നാമത്തെ ഭാഷയായി പഠിക്കാൻ അനുവദിക്കൂ. അല്ലെങ്കിൽ വിദേശ ഭാഷകളെ നാലാമത്തെ ഓപ്ഷനൽ ഭാഷയായി തിരഞ്ഞെടുക്കാം. ഇംഗ്ലിഷും ഹിന്ദിയും ഉൾപ്പെടെ 44 ഭാഷകൾ സിബിഎസ്ഇയുടെ ഭാഷാവിഷയങ്ങളുടെ പട്ടികയിലുണ്ട്.

‘‘ഒരു സ്കൂൾ ഒന്നാം ഭാഷയായി ഉറുദുവും, രണ്ടാം ഭാഷയായി ഹിന്ദിയോ തമിഴോ അല്ലെങ്കിൽ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷയോ ആണ് നൽകുന്നതെങ്കിൽ, വിദ്യാർഥികൾക്ക് ഫ്രഞ്ച് അല്ലെങ്കിൽ ജർമൻ പോലുള്ള വിദേശ ഭാഷകൾ മൂന്നാമത്തെ ഭാഷയായി തിരഞ്ഞെടുക്കാം’’–അധികൃതർ പറയുന്നു. എന്നാൽ ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ ഇംഗ്ലിഷ് തിരഞ്ഞെടുക്കുകയാണെങ്കിൽ മൂന്നാമത്തെ ഭാഷയായി വിദേശ ഭാഷ തിരഞ്ഞെടുക്കാൻ കഴിയില്ല.