വിമാനയാത്ര ടിക്കറ്റ്നിരക്കിലെ കൊള്ളയില്‍ ഇടപെട്ട് സുപ്രീംകോടതി.

ന്യൂഡല്‍ഹി: വിമാനയാത്ര ടിക്കറ്റ്നിരക്കിലെ കൊള്ളയില്‍ ഇടപെട്ട് സുപ്രീംകോടതി. ഒരേ റൂട്ടില്‍ തന്നെ വ്യത്യസ്ത വിമാനകമ്പനികള്‍ വ്യത്യസ്തനിരക്ക് ഈടാക്കുന്നതിനെതിരെ ഏകീകരിക്കണ ആവശ്യവുമായാണ് സുപ്രീംകോടതി രംഗത്തെത്തിയത്. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്‍േറതാണ് നിരീക്ഷണം. ഒരു വിമാനകമ്പനി 8,000 രൂപ വാങ്ങുമ്പോള്‍ മറ്റൊരു കമ്പനി 18,000 രൂപയാണ് ഈടാക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടലുണ്ടാവണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

വിമാനടിക്കറ്റ് നിരക്ക് ഏകീകരിക്കാനുള്ള നടപടിയുണ്ടാകണമെന്ന കോടതി നിര്‍ദേശത്തോട് സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. സാമൂഹികപ്രവര്‍ത്തക എസ് ലക്ഷ്മിനാരയണന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി പരാമര്‍ശം.

വിമാനടിക്കറ്റുകള്‍ ഏകീകരിക്കാനുള്ള ചട്ടങ്ങള്‍ 1937ലെ എയര്‍ക്രാഫ്റ്റ് ആക്ടിലുണ്ട്. എന്നാല്‍, പ്രശ്നമെന്താണെന്നുവെച്ചാല്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതാണെന്ന് ലക്ഷ്മിനാരായണന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം, ഇക്കാര്യത്തില്‍ പുതിയ നിയമങ്ങളുണ്ടാക്കണമെന്ന നിര്‍ദേശം സുപ്രീംകോടതി മുന്നോട്ടുവെച്ചു. അതുവരെ പഴയ നിയമങ്ങള്‍ തുടരണമെന്നും കോടതി വ്യക്തമാക്കി.