ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ അധ്യക്ഷന്‍ വിജയിയോട് കടുത്ത നിലപാടുമായി ഗവര്‍ണര്‍

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ അധ്യക്ഷന്‍ വിജയിയോട് കടുത്ത നിലപാടുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. 24 മണിക്കൂറിനിടെ രണ്ടാമത്തെ കൂടിക്കാഴ്ച നടന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം വിജയ്ക്കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കൃത്യമായ ഭൂരിപക്ഷമില്ലാതെ (118) വിജയിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.  

ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയില്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ അംഗബലം ടിവികെക്ക് നിലവില്‍ ഇല്ലെന്ന് ഗവര്‍ണര്‍ വിശദീകരിച്ചു. 234 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. എന്നാല്‍ ടിവികെ 108 സീറ്റുകളിലാണ് വിജയിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന്റെ അഞ്ച് സീറ്റുകളും ചേര്‍ത്ത് 113 പേരുടെ പിന്തുണ മാത്രമാണ് വിജയിക്ക് ഇതുവരെ ഹാജരാക്കാനായത്.  

അതേസമയം താന്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എപ്പോഴും തയ്യാറാറാണെന്ന് വിജയ് ഗവര്‍ണറെ അറിയിച്ചു. രണ്ട് ഇടത് പാര്‍ട്ടികളില്‍ നിന്നും രണ്ട് പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുമായി 
ആറ് സീറ്റുകള്‍ കൂടി തങ്ങള്‍ക്ക് ലഭിക്കുമെന്നും ടിവികെ പറഞ്ഞു. കൂടാതെ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന തത്വം ഗവര്‍ണര്‍ ലംഘിക്കുകയാണെന്ന് ടിവികെ ആരോപിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് ടിവികെയുടെ തീരുമാനം.